കോഴിക്കോട്: പുതിയ തലമുറയുടെ ഇഷ്‌ടങ്ങൾക്കൊപ്പവും സഞ്ചരിച്ച ഗായകനായിരുന്ന പി ജയചന്ദ്രൻ. പാട്ടിനെ അതിരറ്റ് സ്നേഹിച്ച അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് കൊയിലാണ്ടി പന്തലായനി സ്വദേശിയായ സുനിൽ കുമാർ. സംഗീത സംവിധായകനും വയലനിസ്റ്റുമായ സുനിൽ തൃശൂരിലെ തൃപ്പയ്യ ത്രിമൂർത്തി ക്ഷേത്രത്തിനുവേണ്ടി ഒരുക്കിയ ഭക്തിഗാനമാണ് പി ജയചന്ദ്രൻ ആലപിച്ചത്.
2023 ലാണ് ''ശ്രീ പരമേശ്വര ത്രിമൂർത്തി നാഥാ..." എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്. മധുബാലകൃഷ്‌ണന് പാടാനായാണ് രണ്ട് ഗാനങ്ങള്‍ക്ക് സംഗീതം പകർന്നത്. എന്നാൽ അതിലൊന്ന് ജയചന്ദ്രനെക്കൊണ്ട് പാടിക്കാമെന്ന അഭിപ്രായം ഉയർന്നു വന്നു. എന്നാൽ അദ്ദേഹത്തെ കാണാനായി ചെന്നപ്പോള്‍ അദ്ദേഹം ആശുപത്രി കിടക്കയിലായിരുന്നു. വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്, പ്രായത്തിൻ്റേതായ തളർച്ച ബാധിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല.
ഒരാഴ്‌ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. തൃശൂരില്‍ തന്നെയായിരുന്നു റെക്കോഡിങ്. അദ്ദേഹം വാക്കുപാലിച്ചു. അദ്ദേഹത്തിന് പാടാനുള്ള സൗകര്യത്തിനായി പാട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആ പാട്ട് യാഥാർഥ്യമായി. അദ്ദേഹത്തിൻ്റെ തളർച്ചയും ക്ഷീണവും അതില്‍ കാണാമെങ്കിലും ആ അവസ്ഥയിലും പാട്ടിനുവേണ്ടി അദ്ദേഹം കാണിച്ച ഉത്സാഹം അത്ഭുതപ്പെടുത്തി. സുനിൽ കുമാർ പറയുന്നു. പി ജയചന്ദ്രൻ്റെ വിയോഗ വാർത്തയറിഞ്ഞപ്പോള്‍ പഴയ കുറേ ഓർമ്മകളിലായിരുന്നു സുനിൽ കുമാർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"സംഗീതത്തെ ഹൃദയത്തില്‍ ചേർത്തു നിർത്തുന്ന ഒരാളെ സംബന്ധിച്ച് ജയചന്ദ്രനെപ്പോലൊരു ലെജൻഡിനൊപ്പം പ്രവർത്തിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. 1999-2000 കാലത്താണെന്നാണ് ഓർമ്മ, മലബാർ മഹോത്സവത്തിൻ്റെ ഭാഗമായാണ് ആദ്യമായി ജയചന്ദ്രനെ കാണുന്നത്.
അദ്ദേഹത്തിനുവേണ്ടി പിന്നണിയില്‍ വയലിന്‍ വായിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ദേഷ്യക്കാരന്‍, ഗൗരവക്കാരന്‍ എന്നൊക്കെയായിരുന്നു മനസില്‍ ഉണ്ടായിരുന്ന രൂപം. എന്നാല്‍ അടുത്ത് പരിചയപ്പെട്ടപ്പോഴാണ് വളരെ സൗമ്യനും സ്നേഹനിധിയുമായ വ്യക്തിയാണെന്ന് മനസിലായത്. പിന്നീട് കുറച്ചുകാലം ഞാന്‍ കുവൈറ്റിലായിരുന്നു. ബ്രിട്ടീഷ് മ്യൂസിക് അക്കാദമിയില്‍ വയലിന്‍ പരിശീലകനായി ജോലി ചെയ്‌ത സമയം. അവിടെ അദ്ദേഹത്തിൻ്റെ പരിപാടികളുടെ ഭാഗമാകാന്‍ പറ്റി.
സംഗീതത്തോട് വല്ലാത്ത അഭിനിവേശമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. ഏത് വയ്യായ്‌കയിലും പാട്ടിനുവേണ്ടി ഉഷാറാവുന്ന മനുഷ്യന്‍. ശരീരം തളർന്ന്, ശബ്‌ദം ക്ഷീണിച്ചപ്പോഴും പാടാന്‍ വയ്യെന്ന് മാത്രം പറയാന്‍ കഴിയാത്തയാള്‍. ആ ശബ്‌ദം എന്നും മലയാളികളുടെ കൂടെയുണ്ടാവും. അദ്ദേഹത്തെ ഓരോദിവസവും ഇനിയും നമ്മള്‍ കേള്‍ക്കും, പാടിവെച്ച നൂറുകണക്കിന് പാട്ടുകളിലൂടെ. മഹാനായ ആ ഗായകന് ആദരാഞ്ജലികള്‍. അദ്ദേഹത്തിനൊപ്പം സംഗീതവഴിയില്‍ നടക്കാനായതില്‍ അഭിമാനം." -സുനിൽ കുമാർ പറഞ്ഞു.