തിരുവനന്തപുരം: മേയർ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കത്തിൽ ഡ്രൈവര്‍ യദുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കന്‍റോൺമെന്‍റ് പൊലീസ് ആണ് യദുവിന്‍റെ മൊഴി രേഖപ്പെടുത്തുക. തുടർന്ന് മേയർ ആര്യ രാജേന്ദ്രന്‍റെയും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവിന്‍റെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
യദുവിന്‍റെ പരാതിയിൽ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്‍റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് അടക്കം അഞ്ച് പേര്‍ക്കെതിരെയുള്ള എഫ്ഐആർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞ് വച്ചു, ബസിനുളളിലേക്ക് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
യൂണിവേഴ്‌സിറ്റി കോളജ് ജങ്‌ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങള്‍ ചിത്രീകരിച്ച യാത്രക്കാരന്‍റെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ എംഎല്‍എ ഭീഷണിപ്പെടുത്തി നീക്കം ചെയ്‌തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് യദു ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. 2024 ഏപ്രില്‍ 27ന് രാത്രി 10 മണിയോടടുപ്പിച്ചാണ് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ച് മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടായത്.