ആലപ്പുഴ : 1962ല്‍ മണ്ഡലം രൂപം കൊണ്ടതുമുതല്‍ കൂടുതല്‍ കാലവും യുഡിഎഫിനെ വാരിപ്പുണര്‍ന്ന പാരമ്പര്യമാണ് കുട്ടനാടിന്‍റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഈ മണ്ഡലത്തിനുള്ളത് (Mavelikkara Lok Sabha Constituency). മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലത്തിന്‍റെ ഓരോ ജില്ലയിലെയും രാഷ്ട്രീയ ഭൂമികയും ഭൗമശാസ്ത്ര ഘടനകളും തികച്ചും വ്യത്യസ്‌തമാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിന്‍റെ പൊതു സ്വഭാവം എന്നത് സംസ്ഥാനത്തെ പൊതുവായ തെരഞ്ഞെടുപ്പ് പ്രവണത മാത്രമാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്ന പ്രൊഫ പി ജെ കുര്യന് ദേശീയ രാഷ്ട്രീയത്തില്‍ ഇരിപ്പിടമൊരുക്കിയത് മാവേലിക്കരയാണെന്ന് നിസംശയം പറയാം. 1980 മുതല്‍ 1999 വരെ അദ്ദേഹത്തിന്‍റെ ആറ് തവണ നീളുന്ന ലോക്‌സഭ കാലത്തില്‍ അഞ്ച് വിജയങ്ങളും മാവേലിക്കരയിൽ നിന്നായിരുന്നു. 1962ല്‍ സംവരണ മണ്ഡലമായി രൂപീകൃതമായി തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പൊതുമണ്ഡലത്തിലേക്ക് നീങ്ങി 2009ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെ വീണ്ടും സംവരണ മണ്ഡലക്കുപ്പായമണിഞ്ഞാണ് കുട്ടനാട് കൂടി ഉള്‍പ്പെടുന്ന മാവേലിക്കരയുടെ നില്‍പ്പ്.
മണ്ഡല രൂപീകരണ ശേഷം 1962ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ അച്യുതനായിരുന്നു ജയം. 1967ല്‍ മണ്ഡലം പൊതു മണ്ഡലമായി മാറിയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാവേലിക്കര കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ ജി പി മംഗലത്തുമഠം വിജയിച്ചു. 1971ല്‍ കോണ്‍ഗ്രസ് സിപിഐ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് കേരള കോണ്‍ഗ്രസ് നേതാവ് സാക്ഷാല്‍ ആര്‍ ബാലകൃഷ്‌ണപിള്ളയായിരുന്നു.
വർഷം | വിജയി | പാർട്ടി |
1962 | ആർ അച്യുതൻ | കോൺഗ്രസ് |
1967 | ജി പി മംഗലത്തുമഠം | സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി |
1971 | ആര്‍ ബാലകൃഷ്‌ണപിള്ള | കേരള കോൺഗ്രസ് |
1977 | ബി കെ നായര്‍ | കോൺഗ്രസ് |
1980 | പി ജെ കുര്യൻ | കോണ്‍ഗ്രസ് |
1984 | തമ്പാന്‍ തോമസ് | ജനതാ പാര്‍ട്ടി |
1989 | പി ജെ കുര്യന്‍ | കോണ്‍ഗ്രസ് |
1991 | ||
1996 | ||
1998 | ||
1999 | രമേശ് ചെന്നിത്തല | |
2004 | സി എസ് സുജാത | സിപിഎം |
2009 | കൊടിക്കുന്നില്‍ സുരേഷ് | കോൺഗ്രസ് |
2014 | ||
2019 |
സിപിഎമ്മിന് വേണ്ടി രംഗത്തിറങ്ങിയതാകട്ടെ എസ് രാമചന്ദ്രന്‍ പിള്ളയും. വാശിയേറിയ പോരാട്ടത്തില്‍ സിപിഎമ്മിന് കാലിടറി. 55,527 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബാലകൃഷ്‌ണപിള്ളയുടെ കന്നി ലോക്‌സഭ പ്രവേശത്തിനും മാവേലിക്കര വേദിയായി.
1977ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് - സിപിഐ മുന്നണിക്ക് കേരളത്തില്‍ വന്‍ മുന്നേറ്റമായിരുന്നു എന്ന് മാത്രമല്ല, ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ആ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്-സിപിഐ മുന്നണി ആദ്യമായി തുടര്‍ ഭരണം നേടുകയും ചെയ്‌തു.
മാവേലിക്കരയില്‍ കോണ്‍ഗ്രസിലെ ബി കെ നായര്‍ക്കായിരുന്നു 1977ല്‍ ജയം. 1980ലെ തെരഞ്ഞെടുപ്പിലായിരുന്നു പി ജെ കുര്യന്‍റെ അരങ്ങേറ്റം. കന്നിയങ്കത്തില്‍ അദ്ദേഹം എല്‍ഡിഎഫ് സ്വതന്ത്രന്‍ തേവള്ളി മാധവന്‍ പിള്ളയെ 63,122 വോട്ടിന് പരാജയപ്പെടുത്തി തന്‍റെ ഡല്‍ഹി രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടു.
1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സഹതാപ തരംഗം ആഞ്ഞടിച്ചിട്ടും പൊതുവേ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി കരുതിയിരുന്ന മാവേലിക്കര യുഡിഎഫിനെ കൈവിട്ടു. ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ തമ്പാന്‍ തോമസ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി എന്‍ ഉപേന്ദ്രനാഥക്കുറുപ്പിനെ പരാജയപ്പെടുത്തി മണ്ഡലം എല്‍ഡിഎഫ് പക്ഷത്തെത്തിച്ചു. 1984ല്‍ ഉപേന്ദ്രനാഥക്കുറുപ്പിന് വേണ്ടി മവേലിക്കരയില്‍ നിന്ന് മാറിയ പി ജെ കുര്യന്‍ അത്തവണ ഇടുക്കിയില്‍ നിന്നു മത്സരിച്ച് ലോക്‌സഭയിലെത്തി.
1989ല്‍ മാവേലിക്കരയിലേക്ക് മടങ്ങിയെത്തിയ പി ജെ കുര്യന്‍, സിറ്റിങ് എംപി തമ്പാന്‍ തോമസിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചു പിടിച്ചു. 1991ലും 1996ലും 1998ലും പിജെ കുര്യന്‍ ജയം ആവര്‍ത്തിച്ചു കൊണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കുറഞ്ഞു കൊണ്ടിരുന്നു. 1991ല്‍ 25,488 വോട്ടിനായിരുന്നു അദ്ദേഹം സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തിയതെങ്കില്‍ 1996ല്‍ സിപിഎമ്മിലെ എം ആര്‍ ഗോപാലകൃഷ്‌ണനെ പരാജയപ്പെടുത്തുമ്പോള്‍ കുര്യന്‍റെ ഭൂരിപക്ഷം 21,076 വോട്ടായി കുറഞ്ഞു.
1998ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വിദേശ കാര്യ വിദഗ്‌ധന്‍ കൂടിയായ നൈനാന്‍ കോശിയോട് അദ്ദേഹം 1261 വോട്ടിന് കഷ്‌ടിച്ച് കടന്നു കൂടുകയായിരുന്നു. അപകടം മണത്ത കുര്യന്‍ 1999ല്‍ മാവേലിക്കര ഉപേക്ഷിച്ച് ഇടുക്കിയിലേക്ക് പോയെങ്കിലും അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിനോട് പരാജയപ്പെടുകയായിരുന്നു. പി ജെ കുര്യന്‍ ഉപേക്ഷിച്ച മാവേലിക്കരയില്‍ കോണ്‍ഗ്രസ് രമേശ് ചെന്നിത്തലയെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്തി.
2004ല്‍ കരുത്തനായ രമേശ് ചെന്നിത്തലയെ താരതമ്യേന പുതുമുഖമായ സി എസ് സുജാത സിപിഎമ്മിനു വേണ്ടി അട്ടിമറിച്ചു ലോക്‌സഭയിലേക്ക് വണ്ടി കയറി. 2009ല്‍ സംസ്ഥാനത്താകെ നടന്ന മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ മാവേലിക്കര മണ്ഡലം ആകെ മാറി. അടൂര്‍ ലോക്‌സഭ സംവരണ മണ്ഡലം ഇല്ലാതായി. പകരം മാവേലിക്കര സംവരണ മണ്ഡലം രൂപം കൊണ്ടു.
കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരുന്നു കാണാമറയത്തായ അടൂരെങ്കില്‍ പകരം വന്ന മാവേലിക്കര കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച മണ്ഡലമായി. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടൂരിലെ സിറ്റിങ് എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ ജനവിധി തേടി. സിപിഐയിലെ ആര്‍ എസ് അനിലിനെ തോല്‍പ്പിച്ചു.
2014ലും 2019ലും വിജയം ആവര്‍ത്തിച്ച കൊടിക്കുന്നില്‍ സുരേഷ്, കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വ്യക്തിയെന്ന ഖ്യാതിയും സ്വന്തമാക്കി. ഇത്തവണ വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷും വീണ്ടു വിചാരത്തിലാണ്. ലോക്‌സഭ ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ അദ്ദേഹം കുറേ നാളുകളായി ആഗ്രഹിക്കുന്നു.
പകരം വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ മനസില്ല മനസോടെ സുരേഷിന് വീണ്ടും മത്സരത്തിനിറങ്ങേണ്ടി വരും. ഏറെ നാളുകളായി അടൂരും മൂന്ന് തവണയായി മാവേലിക്കരയും നഷ്‌ടപ്പെടുന്നതിനൊരു മാറ്റം ആഗ്രഹിക്കുന്ന സിപിഐയും തേടുന്നത് കൊടിക്കുന്നിലിനെ വീഴ്‌ത്താന്‍ കരുത്തുള്ള ഒരു യുവ പുതുമുഖത്തെയാണ്. എന്‍ഡിഎക്കായി കഴിഞ്ഞ തവണ രംഗത്തിറങ്ങിയത് ബിഡിജെസ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ തഴവ സഹദേവനായിരുന്നു. മാവലിക്കരയില്‍ പഴയ മുഖമോ പുതുമുഖമോ എന്നതിലാണ് ഇത്തവണത്തെ ആകാംക്ഷ.
മാവേലിക്കര 2019ലെ തെരഞ്ഞെടുപ്പ് ഫലം
കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) - 4,40,415
ചിറ്റയം ഗോപകുമാര്‍ (സിപിഐ) - 3,79,277
തഴവ സഹദേവന്‍ (ബിഡിജെഎസ്) - 1,33,546
ഭൂരിപക്ഷം - 61,138
മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍: പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്, ചങ്ങനാശേരി എന്നീ നിയോജക മണ്ഡലങ്ങൾ ചേരുന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം.