തിരുവനന്തപുരം: വീണ വിജയനെതിരെ പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും വീണ പണം കൈപ്പറ്റിയതായും ഇതിന്‍റെ രേഖകൾ തന്‍റെ പക്കലുണ്ടെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്നും സഭയിൽ പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി സ്‌പീക്കർ മൈക്ക് ഓഫ് ചെയ്‌തു.
രജിസ്‌ട്രാർ ഓഫ് കമ്പനീസ് എക്‌സാലോജിക്കിന് നൽകിയ രേഖകളിൽ വീണ എല്ലാ മാസവും പണം കൈപ്പറ്റിയതായി വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടന്‍റെ പുതിയ ആരോപണം. അനാഥാലയങ്ങൾക്ക് പാവപ്പെട്ടവർ സംഭാവന ചെയ്‌ത പണം വീണ മാസപ്പടിയായി കൈപ്പറ്റിയെന്നാണ് സഭയിൽ ആരോപണമുന്നയിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങാൻ വീണയ്‌ക്കെതിരെ കുഴൽനാടൻ സ്ഥിരമായി ആരോപണങ്ങളുമായി രംഗത്ത് വരികയാണെന്നും നിയമസഭ ഇതിനുള്ള വേദിയല്ലെന്നുമായിരുന്നു സ്‌പീക്കറുടെ മറുപടി.