തിരുവനന്തപുരം : സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ എന്‍ജിനിയറിങ് പരീക്ഷയിലെ കൂട്ടതോൽവിയിൽ കർശന നടപടികള്‍ക്കൊരുങ്ങുകയാണ് എപിജെ അബ്‌ദുല്‍ കലാം സാങ്കേതിക സർവകലാശാല. സർവകലാശാല നിർദേശമനുസരിച്ചുള്ള അക്കാദമിക് പ്രവർത്തനങ്ങൾ കോളജുകളിൽ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ കോളജുകള്‍ അടക്കമുള്ള എല്ലാ എന്‍ജിനിയറിങ് കോളജുകളും നിശ്ചിത നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ എ പ്രവീൺ ഇടിവി ഭാരതിനോട് പറഞ്ഞു.
'വിജയ ശതമാനം കുറഞ്ഞ കോളജുകൾ അടച്ചു പൂട്ടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ വസ്‌തുതാപരമായി ശരിയല്ല. എന്നാൽ അക്കാദമിക നിലവാരം എല്ലാ കോളജുകളും നിലനിർത്തുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഇനി പരിശോധനകൾ കർശനമാക്കും. യുജിസി നിർദേശ പ്രകാരം കെടിയു തയ്യാറാക്കിയ അക്കാദമിക്ക് പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ചാൽ നിലവാര തകർച്ചയുണ്ടാകില്ല. അതുകൊണ്ട് തന്നെ അക്കാദമിക്ക് പ്രവർത്തനങ്ങൾ കൃത്യമാണോയെന്ന പരിശോധനയാണ് ആവശ്യം', -പ്രൊ വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഈ അധ്യയന വർഷത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും ഡോ. എ പ്രവീണ്‍ വ്യക്തമാക്കി. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്വാശ്രയ കോളജുകളില്‍ പ്രവേശനം നടത്താന്‍ അനുവാദം നല്‍കാതിരിക്കാന്‍ സര്‍വകലാശാലയ്ക്ക് സാധിക്കും. ഈ അധ്യയന വര്‍ഷം കേരള സാങ്കേതിക സര്‍വകലാശാലയില്‍ അവസാന വര്‍ഷ എന്‍ജിനിയറിങ് പരീക്ഷ എഴുതിയവരില്‍ പകുതിയോളം പേര്‍ തോറ്റിരുന്നു. 53 ശതമാനമാണ് ഈ വർഷം അവസാന വർഷ ബി-ടെക്ക് പരീക്ഷയിലെ വിജയം.
പത്തു ശതമാനത്തില്‍ താഴെ മാത്രം വിദ്യാര്‍ഥികള്‍ ജയിച്ച ആറ് സ്വാശ്രയ കേളജുകളുണ്ടായിരുന്നു. 26 കോളജുകളിൽ 25 ശതമാനത്തിൽ താഴെയായിരുന്നു വിജയം. ഇരുപത്തെട്ട് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഒരു സ്വാശ്രയ കോളജില്‍ ഒറ്റക്കുട്ടി പോലും ജയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെ സർവകലാശാല നിർദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കോളജുകളിൽ കൃത്യമായി നടക്കുന്നുണ്ടോയെന്ന് സർവകലാശാല തന്നെ പരിശോധിക്കാൻ ഒരുങ്ങുന്നത്. സെനറ്റ് - സിൻഡിക്കേറ്റ് അംഗീകാരങ്ങൾക്ക് ശേഷം ഇതിനായുള്ള നീക്കത്തിന് സർവകലാശാല രൂപം നൽകും.
സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകളുടെ പഠന നിലവാരത്തെക്കുറിച്ച് വളരെ മോശം പ്രതിഛായ പരക്കുന്ന സാഹചര്യത്തില്‍ നിലവാരം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സ്വാശ്രയ മാനേജ്മെന്‍റുകളെയും സര്‍ക്കാരിനെയും ഇക്കാര്യം ബോധ്യപ്പെടുത്തി അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ക്കാണ് സര്‍വകലാശാല ഒരുങ്ങുന്നത്. നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലെ പല സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലും ചേരാനാളില്ലാതിരിക്കെ അയല്‍ സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ ഒഴുകുന്നത് മുമ്പ് ചര്‍ച്ചയായിരുന്നു.