പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി. വള്ളിപ്പടര്‍പ്പില്‍ പിടിച്ചു കിടന്ന യുവാവിനെ പിന്നീട് ഫയര്‍ ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. പത്തനംതിട്ട കോന്നിയിൽ ആണ് സംഭവം. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ ശോഭയുടെ മകന്‍ അഖില്‍ എന്നുവിളിക്കുന്ന സുധി (19) ആണ് കോന്നി മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത്.
ബുധനാഴ്‌ച വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്.സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഫയര്‍ ഫോഴ്‌സും സ്‌കൂബ ടീമും ഉള്‍പ്പെടെയുള്ള സംഘം നടത്തിയ തെരച്ചിലിൽ പാലത്തിൽ നിന്ന് അരികിലോമീറ്ററോളം മാറി വള്ളിപ്പടര്‍പ്പില്‍ പിടിച്ചു കിടന്ന ഇയാളെ സ്‌കൂബ ടീം രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
Also Read: കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്; നഗരമധ്യത്തിലെ തോടുകൾ കര കവിഞ്ഞു