കോഴിക്കോട് : യുവതിയെ സൗഹൃദം നടിച്ച് കബളിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റില്‍. സ്വകാര്യ ബസ്സിലെ കണ്ടക്ടറായ മുക്കം നീലേശ്വരം സ്വദേശി അശ്വിൻ സുരേഷിനെയാണ് (25) കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
2021ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതിയുമായി സൗഹൃദത്തിലായ അശ്വിൻ നാല് ലക്ഷം രൂപയോളം ഇവരിൽ നിന്നും കൈവശപ്പെടുത്തിയിരുന്നു. യുവതി പലതവണ ഈ പണം തിരികെ ചോദിച്ചെങ്കിലും നൽകിയിരുന്നില്ല.
Also Read: രാഹുല്‍ ഗാന്ധി വയനാട്ടില്‍; ആദ്യമെത്തിയത് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്‍റെ വീട്ടില്‍
അതിനിടയിൽ പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതുകൂടാതെയും പലതവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വർണവളകളും പ്രതി കൈക്കലാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.