തിരുവനന്തപുരം: നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കരമനയാറിന് കുറുകെ മുടവൻമുഗളിനെയും സത്യൻ നഗർ, മലമേൽക്കുന്നിനെയും ബന്ധിപ്പിക്കുന്ന പാലം എന്ന സ്വപ്‌നം പൂവണിയുന്നു(Inauguration of construction of malamelkkunn mudavanmugal over bridge). പാലത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് നിർവഹിക്കും.
പാലം നിർമ്മാണത്തിന് 13.6 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലം നിർമ്മാണത്തിനായി 5.83 ഏക്കർ ഭൂമി 18 ഉടമകളിൽ നിന്നും ഏറ്റെടുത്തിരുന്നു. 66.9 മീറ്റർ നീളവും 11 മീറ്റർ വീതിയും ആണ് പാലത്തിന് ഉണ്ടാകുക. ഇരുവശത്തുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും. 230 മീറ്റർ നീളത്തിൽ അനുബന്ധ റോഡും ഉണ്ടാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് ആണ് പാലത്തിന്‍റെ നിർമ്മാണ ചുമതല. പാലത്തിന്‍റെ പണി അനിശ്ചിതത്വത്തിൽ ആകുന്നതിനെ തുടർന്ന് പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇ ടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ കടത്തിനെ ആശ്രയിച്ചാണ് മലമേൽക്കുന്ന് സത്യൻ നഗർ പ്രദേശവാസികൾ മുടവൻ മുകൾ ഭാഗത്തേക്ക് പോകുന്നത്.
മഴപെയ്‌ത് കരമനയാറിൽ വെള്ളം കയറിയാൽ അഞ്ച് കിലോമീറ്റർ അധികം സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് നഗരത്തിൽ എത്താൻ സാധിക്കു. സ്‌കൂൾ കുട്ടികൾ അടക്കം നിരവധി പേരാണ് കടത്ത് തോണിയെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഈ പാലം യാഥാർത്ഥ്യമായാൽ തിരുമല, പൂജപ്പുര വഴി പാപ്പനംകോട് എസ്റ്റേറ്റ് ഭാഗങ്ങളിൽ നിന്ന് വളരെ വേഗത്തിൽ നഗരത്തിൽ പ്രവേശിക്കാൻ സാധിക്കും.