കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസ ബസിലിക്കയിലെ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ 5 ന് ആരംഭിക്കും. 22 -ാം തീയതി വരെ വിവിധ പരിപാടികളോടെ തിരുനാള്‍ ആഘോഷിക്കും. ഒക്ടോബര്‍ 5 ന് രാവിലെ 11.30 ന് പതാക ഉയര്‍ത്തും. 12 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം തീര്‍ത്ഥാടകരുടെ പൊതുവണക്കത്തിന് ഭക്തിയാദരവോടെ പ്രതിഷ്‌ഠിക്കും.
തിരുനാള്‍ ദിനങ്ങളില്‍ വൈകിട്ട് 6 മണിക്ക് സാഘോഷ ദിവ്യപൂജയും സുവിശേഷ പ്രഭാഷണവും നടക്കും. തുടര്‍ന്ന് നൊവേനയും തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഉണ്ടാകും. തിരുനാള്‍ ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാള്‍ എന്ന സവിശേഷതയും ഇത്തവണത്തെ ആഘോഷത്തിന് പൊലിമയേകും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആരംഭ ദിവസം വൈകിട്ട് 6 ന് മോണ്‍. ജന്‍സന്‍ പുത്തന്‍ വീട്ടിലിൻ്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 6 -ാം തീയതി മുതല്‍ തിരുനാള്‍ ആഘോഷം അവസാനിക്കുന്ന ദിവസം വരെ ആഘോഷമായ ദിവ്യബലിയും നൊവേനയും വിവിധ കാര്‍മ്മികരുടെ നേതൃത്വത്തില്‍ നടക്കും. പൊതുവണക്കത്തിന് പ്രതിഷ്‌ഠിക്കുന്ന തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 14, 15 തീയതികളിലാണ് മുഖ്യ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. വിശുദ്ധ അമ്മ ത്രേസ്യയുടെ മധ്യസ്ഥം വഴി വിശ്വാസ ദാര്‍ഢ്യവും ഹൃദയ പരിവര്‍ത്തനവും കൈവരിക്കാന്‍ തിരുനാള്‍ ആഘോഷങ്ങള്‍ സഹായകരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രധാന തിരുനാള്‍ ദിവസങ്ങളായ 14, 15 തീയതികളില്‍ തിരുനാള്‍ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും നടക്കും. വിവിധ ഭാഷകളിലുള്ള കുര്‍ബാന മാഹി സെൻ്റ് തെരേസാസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിൻ്റെ പ്രത്യേകതയാണ്. 15 ന് പുലര്‍ച്ചെ ഒന്ന് മുതല്‍ ആറ് വരെ തീര്‍ത്ഥാടനത്തിൻ്റെ മുഖ്യ നേര്‍ച്ചയായ ശയന പ്രദക്ഷിണം നടക്കും. അന്നേ ദിവസം രാവിലെ 10.30 ന് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലിൻ്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും.
22-ാം തീയതി ഉച്ചകഴിഞ്ഞ് 3 ന് തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാളിന് സമാപനം കുറിക്കും. തിരുനാളിനെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വണങ്ങാനും മെഴുകുതിരി തെളിയിക്കാനും സൗകര്യം ഒരുക്കും.
ഞായറാഴ്‌ചകളിലും മുഖ്യ തിരുനാളുകളിലും തുടര്‍ച്ചയായി ദിവ്യ പൂജ ഉണ്ടായിരിക്കും. എല്ലാ ദിവസവും കുമ്പസാരത്തിനും ദിവ്യ കാരുണ്യ സ്വീകരണത്തിനും അവസരമുണ്ട്. നേര്‍ച്ചകള്‍ നേരുന്നതിനും വിശ്രമിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് റവ. മോണ്‍. ജന്‍സന്‍ പുത്തന്‍ വീട്ടില്‍ പറഞ്ഞു.