തിരുവനന്തപുരം: ജൂണ്‍ 4ന് നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിടെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
കൗണ്ടിങ് സൂപ്പര്‍ വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്‍റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുണ്ടാകുക. കൗണ്ടിങ് ഏജന്‍റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്‌ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്‌ജ് റിട്ടേണിങ് ഓഫിസര്‍ നല്‍കും.
വോട്ടെണ്ണല്‍ മുറിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിരീക്ഷകന്‍ ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍ വൈസറാണ് ഉണ്ടാവുക. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫിസറായിരിക്കും.
ഒരു കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്ക് സമീപമുണ്ടാകും. വോട്ടെണ്ണലിന്‍റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വറുടെ ഡ്യൂട്ടി. മൂന്ന് ഘട്ടമായുള്ള റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.
ആദ്യഘട്ടം മെയ് 17ന് പൂര്‍ത്തിയായി. രണ്ടാം റാന്‍ഡമൈസേഷനും മൂന്നാം റാന്‍ഡമൈസേഷനും ജൂണ്‍ 3ന് രാവിലെ ഏഴ് മണിക്കും ജൂണ്‍ 4ന് രാവിലെ അഞ്ച് മണിക്കും നടക്കും. രണ്ടാം ഘട്ടം റാന്‍ഡമൈസേഷനിലാണ് നിയമസഭ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.
വോട്ടെണ്ണല്‍ ഇങ്ങിനെ: വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോഴാണ് സ്ട്രോങ് റൂമുകള്‍ തുറക്കുക. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
ആദ്യം എണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്‌മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അര മണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
വോട്ടിങ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്‌ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വയ്‌ക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍ പൊട്ടിക്കും.
തുടര്‍ന്ന് ഏജന്‍റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്‍റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.
അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്‍റെ ടാബുലേഷന്‍ നടത്തി റിസള്‍ട്ട് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫിസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ.
മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലെയും റാന്‍ഡമായി തെരഞ്ഞെടുത്ത ഏതെങ്കിലും 5 പോളിങ് സ്റ്റേഷനിലെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം. വോട്ടെണ്ണല്‍ ദിനം ഡ്രൈ ഡേ ആയിരിക്കുമെന്നും മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ ആളുകള്‍ക്ക് വിതരണം നടത്താനോ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Also Read: ഏഴാം ഘട്ട തെരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍, പോളിങ് ഭേദപ്പെട്ട നിലയില്‍