കോഴിക്കോട്: അനധികൃത മണൽ കടത്തുന്ന ലോറി പൊലീസിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടു. ഇന്നു പുലർച്ചെ മൂന്നരയോടെ മാവൂർ അങ്ങാടിയിലാണ് സംഭവം. മാവൂർ പൊലീസിന്‍റെ പെട്രോളിങ്ങിനിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ടിപ്പർ ലോറിക്ക് പൊലീസ് കൈ കാണിച്ചു.
പൊലീസിനെ കണ്ടതോടെ ടിപ്പർ ലോറി പിറകോട്ട് എടുത്തു. അൽപ്പദൂരം പിറകോട്ട് എടുത്ത ടിപ്പർ ലോറി മാവൂർ നാൽക്കവലയിൽ സ്ഥാപിച്ച ദിശ സ്‌തൂപത്തിൽ ഇടിച്ചു നിന്നു. തുടർന്ന് ലോറി ഉപേക്ഷിച്ച ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ടിപ്പർ ലോറി മാവൂർ പൊലീസ് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
അനധികൃത മണൽ കടത്തുന്ന ലോറിയാണ് ഇതെന്ന് മാവൂർ പൊലീസ് അറിയിച്ചു.
ചാലിയാറിലും ചെറു പുഴയിലും ഇരുവഞ്ഞിയിലും വ്യാപകമായി അനധികൃത മണൽവാരൽ നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് രാത്രികാല പെട്രോളിങ് ഊർജിതമാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ മണൽ കടത്തുന്ന ലോറി അപകടത്തിൽ പെടുന്നത്.
ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാവൂർ പൊലീസ് ഇൻസ്പെക്‌ടർ ദാമോദരൻ, മാവൂർ എസ് ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫീസർമാരായ വി ഡി സാബു എ പി ഷറഫലി ഹോം ഗാർഡ് ശശിധരൻ എന്നിവർ നേതൃത്വം നൽകി.
ALSO READ: ലത്തേഹാറിലെ ട്രെയിൻ അപകടം; ചായ വിൽപനക്കാരന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ടത് നിരവധിപേര്‍