തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടപടികളുടെ ആദ്യ പടിയായി സ്ട്രോങ് റൂമുകൾ തുറന്നു. സ്ട്രോങ് റൂമുകൾ രാവിലെ ആറ് മണിയോടെയാണ് തുറന്ന് തുടങ്ങിയത്. മെഷീനുകൾ എട്ട് മണിയോടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. കൃത്യം എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും, ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയിട്ടുണ്ട്.
ആറ് നിരീക്ഷകരാണ് തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി ഉള്ളത്. സ്ട്രോങ് റൂം റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുറന്നത്. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് നടപടികള്‍ പുരോഗമിച്ചത്.