കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം.എൽ.എയെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ. കൂരോപ്പട മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ.
ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. അദ്ദേഹം സൃഷ്‌ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. ഉമ്മൻ ചാണ്ടി എന്ന വികാരം, ഊർജമാക്കി മാറ്റി അഡ്വ. കെ ഫ്രാൻസിസ് ജോർജിന് ഉജ്വല വിജയം നൽകണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ പിതാവ് കെ എം ജോർജിൻ്റെ ഷർട്ട് , ഉമ്മൻ ചാണ്ടി ധരിച്ച ഓർമകൾ മറിയാമ്മ ഉമ്മൻ പങ്കുവെച്ചു. യുഡിഎഫ് കൂരോപ്പട മണ്ഡലം കൺവീനർ സാബു സി കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജ്, അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ , ജോഷി ഫിലിപ്പ്, സാജു എം ഫിലിപ്പ്, രാധാ വി നായർ, കുഞ്ഞ് പുതുശ്ശേരി, കെ.കെ രാജു, റ്റി.എം ആന്‍റണി ,തുടങ്ങിയവർ പങ്കെടുത്തു.
എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിന് : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി സർക്കാരിനെതിരായ മതനിരപേക്ഷ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. കേരളത്തിൽ പരസ്‌പരം മത്സരിക്കുന്ന സി.പി.എമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ശക്തിപെടുന്നതിനെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ പാർട്ടി മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ദേശീയ തലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്.
കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ല. ഭരണഘടന താത്‌പര്യം സംരക്ഷിക്കുന്നതിന് പകരം, ഭരണകൂട താത്‌പര്യം മാത്രമാണ് വകവച്ച് നൽകുന്നത്. ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു എന്നും എസ്.ഡി.പി.ഐ നേതാക്കൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.