എറണാകുളം: കേരളത്തിൽ തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർഥികളെ ബലികൊടുത്ത് സിപിഎം ബിജെപിയെ സഹായിക്കുകയാണെന്ന് ട്വൻറി ട്വൻ്റി പ്രസിഡൻ്റ് സാബു എം ജേക്കബ്. കിഴക്കമ്പലം വിലങ്ങ് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം, ബിജെപിയുടെ 'ബി ' ടീമല്ല അവർ രണ്ടും ഒന്നുതന്നെയാണെന്നും സാബു എം ജേക്കബ് വിമർശിച്ചു.
എല്ലാ കള്ളത്തരങ്ങളിൽ നിന്നും സിപിഎമ്മിന് രക്ഷപ്പെടാൻ കേരളത്തെ വിറ്റ് രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കുകയാണ്. ജനങ്ങൾ ഇത് മനസിലാക്കണം. കുന്നത്തുനാട് മണ്ഡലത്തിലെ ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണം ട്വന്‍റി ട്വന്‍റി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ്.
കൊള്ളക്കാരിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള പരിശ്രമമാണ് ഈ തെരഞ്ഞെടുപ്പെന്നും അത് തിരിച്ചറിഞ്ഞ് ഒട്ടേറെ ജനങ്ങൾ ട്വന്‍റി20 പാർട്ടിക്ക് ഒപ്പം അണിചേർന്നെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന പാർട്ടി എന്ന നിലയിൽ എല്ലാ മുന്നണികളുടെയും പൊതു ശത്രുവാണ് ട്വന്‍റി ട്വന്‍റി. കേരളത്തിൽ സിപിഎം ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി അവർക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള അവസരം സൃഷ്‌ടിച്ചിരിക്കുന്നു.
ലാവ്‌ലിൻ മുതൽ സ്വർണക്കടത്തും മാസപ്പടിയും വരെയുള്ള നിരവധി കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണ രണ്ടു സീറ്റ് ബിജെപിക്ക് കേരളത്തിൽ ലഭിച്ചാൽ അതിൽ അതിശയിക്കാനില്ല. കാരണം അത് സിപിഎമ്മിന്‍റെ പദ്ധതിയാണ് എന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
ട്വന്‍റി ട്വന്‍റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ കൂടെ നിൽക്കുന്ന പക്ഷം പുതിയൊരു ചരിത്രം സൃഷ്‌ടിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.