കണ്ണൂര്‍: കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സി.പി.ഐക്ക് ദേശീയ പദവിയും ചിഹ്നവും നഷ്‌ടപ്പെടുമോ ? പ്രതികരണവുമായി സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ്‌കുമാര്‍ എം പി. ദേശീയ പദവിയില്ല എന്നത് പാർട്ടി ഉൾക്കൊള്ളുന്നുണ്ടെന്നും തിരിച്ച് പിടിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നും എം പി.
ഏറ്റവും ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റിന്‍റെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ ജയിച്ചിരിക്കണമെന്നാണ് ദേശീയ കക്ഷിയായി അംഗീകരിക്കാനുളള പ്രധാന വ്യവസ്ഥ. അല്ലെങ്കില്‍ നിയമസഭയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്‍റെ ആറ് ശതമാനമെങ്കിലും നേടിയിരിക്കണം. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവി നേടിയിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പരിഗണിക്കപ്പെടും.
ലോക്‌സഭയില്‍ 11 അംഗങ്ങള്‍ മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ ആ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടും. എന്നാല്‍ സി.പി.ഐയെ സംബന്ധിച്ച് ദേശീയ പാര്‍ട്ടി എന്ന അംഗീകാരം ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കാനാവുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
സി പി ഐ ക്ക് കേരളത്തില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുണ്ട്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചിഹ്നമായ അരിവാളും ധാന്യക്കതിരും ഉയര്‍ത്തി പിടിച്ച് മത്സര രംഗത്ത് നിലനില്‍ക്കാം. സംസ്ഥാന നിയമസഭയില്‍ 17 സീറ്റ് ഉള്ളതിനാല്‍ ഇവിടെ ആശങ്ക വേണ്ട.
ലോക്‌സഭയില്‍ രണ്ട് അംഗങ്ങളാണ് സി.പി.ഐക്ക് ഉള്ളത്. അത് രണ്ടും തമിഴ്‌നാട്ടില്‍ നിന്നാണ്. നിയമസഭയില്‍ തമിഴ്‌നാട്ടിലും തെലങ്കാനയിലും സംസ്ഥാന പാര്‍ട്ടി എന്ന നിലയില്‍ മത്സരിക്കുന്ന ലോക്സഭാംഗങ്ങള്‍ക്ക് ചിഹ്നം ലഭിച്ചേക്കാം. എന്നാല്‍ മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സി.പി.ഐ ക്ക് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും.
ഇന്ത്യാമുന്നണിയുമായി 40 ഓളം സീറ്റുകളില്‍ മത്സരിക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സംസ്ഥാനതല അംഗീകാരമില്ലെങ്കില്‍ ചിലയിടങ്ങളിലെങ്കിലും സ്വതന്ത്ര വേഷം ധരിച്ച് മത്സരരംഗത്ത് ഇറങ്ങേണ്ടി വരുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മുന്നണി ചര്‍ച്ചകള്‍ കഴിയുന്ന മുറക്ക് അതിലും തീരുമാനമുണ്ടാകും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ച് 99 വര്‍ഷം തികയാനിരിക്കെയാണ് സി.പി.ഐ ക്ക് ദേശീയ പദവിക്ക് കോട്ടം തട്ടുന്നത്. 1925 ഡിസംബര്‍ 26 നാണ് രാജ്യത്തെ വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ യോഗം കാണ്‍പൂരില്‍ ചേരുന്നത്. എം. ശിങ്കാരവേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു.
എസ്.വി. ഘാട്ടെയായിരുന്നു ദേശീയ സെക്രട്ടറി. 16 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. 1951 ലെ തിരഞ്ഞെടുപ്പ് മുതല്‍ ഉപയോഗിച്ചുവരുന്ന ചിഹ്നമാണ് സി.പി.ഐ യുടേത്. രാജ്യത്ത് തന്നെ ചിഹ്നമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനവും സി.പി. ഐ യുടേതാണ്.
കോണ്‍ഗ്രസിനുപോലും ചിഹ്നങ്ങള്‍ മാറി മറിഞ്ഞിരുന്നു. നാളിതുവരെ അരിവാളും ധാന്യക്കതിരും ഉയര്‍ത്തിപ്പിടിച്ച സി.പി.ഐ ക്ക് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ചാല്‍ വീണ്ടും ചിഹ്നം തിരിച്ചുപിടിക്കാം. ഒപ്പം ദേശീയ പാര്‍ട്ടി പദവിയും.