തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കെ വാശിയേറിയ പോരിന്‍റെ അവസാന ലാപ്പിലേക്ക് മുന്നണികളും കടന്നു. വാഹന പര്യടനത്തിന് ഇത്തവണ ആവശ്യത്തിന് സമയം ലഭിച്ചു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ദൈര്‍ഘ്യേമേറിയ പ്രചാരണ ദിനങ്ങള്‍ സൃഷ്‌ടിക്കുന്ന സാമ്പത്തിക ഭാരം സ്ഥാനാര്‍ഥികളെ വല്ലാതെ ഉലച്ചിട്ടുമുണ്ട്.
എന്‍ഡിഎ, ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ അത്രയേറെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നില്ലെങ്കിലും സാമ്പത്തിക പരാധീനത മൂലം യുഡിഎഫ് പ്രചാരണ രംഗത്ത് വിയര്‍ക്കുകയാണ്. ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ, പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്‍റെ നാലിലൊന്ന് മാത്രമേ വിതരണം ചെയ്യാന്‍ കഴിയുന്നുള്ളൂ എന്ന് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ മാനേജര്‍മാര്‍ സമ്മതിക്കുന്നു.
എങ്കിലും അവശേഷിക്കുന്ന ഒരാഴ്‌ച താര പ്രചാരകരെ ഇറക്കി പ്രചാരണ രംഗം ഇളക്കി മറിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ബിജെപിയും താര പ്രചാരകരുടെ കാര്യത്തില്‍ പിന്നോട്ടില്ല.
20ന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം, പത്തനംതിട്ട, ചാലക്കുടി എന്നിവിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ ഗാന്ധി 22 ന് വയനാട്ടിലെത്തും. അദ്ദേഹം രണ്ടുദിവസം കൂടി കേരളത്തില്‍ പ്രചാരണം നടത്തും.
ഇന്നലെ തലസ്ഥാനത്തെത്തി ഉത്തര കേരളത്തിലേക്ക് നീങ്ങിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇന്ന് കോഴിക്കോട്ടും മലപ്പുറത്തും റാലിയിലും റോഡ് ഷോകളിലും പങ്കെടുക്കും. ശിവകുമാറിന്‍റെ റോഡ് ഷോകളിലുള്ള ആള്‍ക്കൂട്ടം യുഡിഎഫിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനെത്തുന്നുണ്ടെങ്കിലും തീയതി കൃത്യമായി കെപിസിസിക്ക് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍റെ മറ്റൊരു താരമായി ഇതിനകം മാറിക്കഴിഞ്ഞ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി പ്രചാരണത്തിനെത്തും. മറ്റിടങ്ങളില്‍ കൂടി രേവന്ദ് റെഡ്ഡിയെ ഇറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെയും തീയതി ഉറപ്പായിട്ടില്ല.
ബിജെപിയും താര പ്രചാരകരുമായി ശക്തമായി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കിയുള്ള അവരുടെ പല ഘട്ട പ്രചാരണം കഴിഞ്ഞ സാഹചര്യത്തില്‍ ഇനി സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച ഉറപ്പ് ലഭിച്ചിട്ടില്ല.
അതേസമയം രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ബിജെപിക്കുവേണ്ടി അഖിലേന്ത്യ അദ്ധ്യക്ഷന്‍ ജെപി നദ്ദ 19 ന് എത്തും. സംസ്ഥാനത്ത് ഇപ്പോഴുള്ള കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രചാരണം തുടരുകയാണ്.
21 ന് ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്‍റ് അണ്ണാമലൈ തിരുവനന്തപുരത്തെത്തും. ജില്ലയില്‍ മത്സരിക്കുന്ന രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കായി അദ്ദേഹം പ്രചാരണം നടത്തും. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വയനാട്ടിലും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 21ന് കോഴിക്കോട്ടുമെത്തും.
മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി പ്രചാരകനായി സംസ്ഥാനത്തെത്തും. ഇടതുമുന്നണിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കിലും പാര്‍ട്ടിയുടെ അഖിലേന്ത്യാനേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയിട്ടുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്തുണ്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി സജീവമായി രംഗത്തുണ്ട്. ഏപ്രില്‍ 24ന് വൈകിട്ട് 5 ന് പരസ്യ പ്രചാരണം അവസാനിക്കും. 26നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്.