ആലപ്പുഴ : 1987ല്‍ 27-ാം വയസില്‍ അടൂരില്‍ നിന്ന് വിജയിച്ചാണ് പൊടി മീശക്കാരനായ കൊടിക്കുന്നില്‍ സുരേഷ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. പിന്നെ അടൂരില്‍ നിന്ന് നിരവധി തവണ വിജയവും രണ്ട് തവണ പരാജയവുമുണ്ടായി. അടൂര്‍ സംവരണ മണ്ഡലം 2009ല്‍ മാവേലിക്കര എന്ന സംവരണ മണ്ഡലമായത് മുതല്‍ കൊടിക്കുന്നിലാണ് മാവേലിക്കരയുടെ പ്രതിനിധി.
ഇന്നിപ്പോള്‍ തുടര്‍ച്ചയായ പത്താം ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു. മാവേലിക്കരയില്‍ വല്ലപ്പോഴും വന്നുപോകുന്ന എംപിയാണ് താനെന്ന എല്‍ഡിഎഫ് ആരോപണം അദ്ദേഹം നിഷേധിച്ചു.
ഇന്ത്യയിലെവിടെയെങ്കിലും ഒരു എംപിക്ക് ഒരു നിയോജക മണ്ഡലത്തില്‍ രണ്ട് ഓഫിസുള്ളത് മാവേലിക്കരയില്‍ മാത്രമാണ്. തനിക്കെതിരെ മുമ്പ് പലവട്ടം യുവാക്കളെ ഇറക്കി എല്‍ഡിഎഫ് നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. താന്‍ മനസുകൊണ്ട് ഇപ്പോഴും യുവാവാണ്. യഥാര്‍ഥത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞടുപ്പായി താന്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.
ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ മാവേലിക്കര പോലെ ഇടതു മുന്നണിക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി നിര്‍ദേശം അനുസരിക്കുകയല്ലാതെ തന്‍റെ മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
- കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ തവണ മത്സരിക്കുന്ന നേതാവ് എന്ന ഖ്യാതി താങ്കള്‍ക്കാണ്. ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നോ?
പാര്‍ട്ടി പറയുന്നത് കേള്‍ക്കുകയല്ലാതെ എന്‍റെ മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളായി ഞാന്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ വഴിയല്ലാതെ വളരെ രഹസ്യമായാണ് ഞാന്‍ പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴും ഒരു കൊല്ലം മുമ്പ് തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ഇടതു പക്ഷത്തിന് മുന്‍ തൂക്കമുള്ള മാവേലിക്കര സംവരണ മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തി മത്സരിപ്പിക്കുമ്പോള്‍ അത് വിജയ സാധ്യതയെ വല്ലാതെ ബാധിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടി. അങ്ങനെയാണ് ഞാന്‍ ഒരു തവണ കൂടി മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഇത്തവണ മത്സര രംഗത്ത് നിന്നുമാറി നില്‍ക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആത്മാര്‍ഥമായി ഞാന്‍ അറിയിച്ചിരുന്നു. മറ്റൊരു വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും അവരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു സ്ഥാനാര്‍ഥിയിലേക്ക് എത്താന്‍ സാധിച്ചില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ കൂടി ഞാന്‍ മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി നിലപാടെടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് ഞാന്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായത്.
- 2009ല്‍ മണ്ഡലം രൂപീകൃതമായത് മുതലുള്ള എംപിയെന്ന നിലയില്‍ ജനങ്ങള്‍ക്കാകെ മടുപ്പാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. മറ്റൊരു ആരോപണം വല്ലപ്പോഴും വന്നു പോകുന്ന എംപി എന്നതാണ്?
രണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. മണ്ഡലത്തിലെ പൊതു സ്വീകാര്യത കൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി ജയിക്കുന്നത്. മാവേലിക്കര സാങ്കേതികമായി ഒരു സംവരണ മണ്ഡലമാണെന്നത് ശരിയാണെങ്കിലും അവിടെ സംവരണേതര വിഭാഗങ്ങളാണ് അധികവും. തനിക്ക് അവരുടെ പൊതു സ്വീകാര്യതയുള്ളത് കൊണ്ടാണ് വിജയിക്കാന്‍ കഴിയുന്നത്.
കേരളത്തില്‍ രണ്ട് എംപി ഓഫിസുള്ള ഏക നിയോജക മണ്ഡലമാണ് മാവേലിക്കര. പാര്‍ലമെന്‍റ് സമ്മേളനമുള്ളപ്പോള്‍ പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഞാന്‍ മണ്ഡലത്തിലുണ്ടാകും. പാര്‍ലമെന്‍റ് സമ്മേളനമില്ലാത്തപ്പോള്‍ മുഴുവന്‍ സമയവും മണ്ഡലത്തില്‍ ചെലവഴിക്കുന്ന ആളാണ് ഞാന്‍. അത്തരം എംപിമാര്‍ ഇന്ത്യയില്‍ തന്നെ കുറവായിരിക്കും.
- ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ ഒരു യുവാവായിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ഒരു യുവാവിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. അതിന്‍റെ ഗുണം തങ്ങള്‍ക്കായിരിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു?
വയസ് കൂടിയെന്നേയുള്ളുവെങ്കിലും എന്‍റെ മനസിന്‍റെ ചെറുപ്പം ഇതുവരെ മാറിയിട്ടില്ല. 2009ല്‍ മാവേലിക്കര മണ്ഡലം രൂപീകൃതമായപ്പോള്‍ എനിക്കെതിരെ എല്‍ഡിഎഫ് നിര്‍ത്തിയത് 28 വയസ് മാത്രം പ്രായമുള്ള ആര്‍എസ് അനില്‍ എന്ന ചെറുപ്പക്കാരനെയാണ്. അദ്ദേഹം തോറ്റു.
2014ല്‍ 40 വയസുള്ള ചെങ്ങറ സുരേന്ദ്രനെ എനിക്കെതിരെ മത്സരിപ്പിച്ചു. അദ്ദേഹവും തോറ്റു. 2019ല്‍ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്‌പീക്കറും അടൂരിലെ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ നിര്‍ത്തി. അദ്ദേഹവും തോറ്റു. ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും പ്രായമായവരെയുമെല്ലാം എനിക്കെതിരെ എല്‍ഡിഎഫ് മാവേലിക്കരയില്‍ മാറി മാറി പരീക്ഷിച്ച് പരാജയപ്പെടുകയാണുണ്ടായത്.
എനിക്കെതിരെ ഒരിക്കല്‍ മത്സിരിപ്പിച്ച സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് തൊട്ടടുത്ത തവണ എനിക്കെതിരെ മത്സരിപ്പിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങള്‍ എന്നില്‍ കാണുന്നത് അനുഭവ സമ്പത്ത്, പരിചയ സമ്പത്ത്, ബന്ധങ്ങള്‍ എന്നിവയാണ്. ലോക്‌സഭയില്‍ പ്രതിപക്ഷ നിരയിലെ രണ്ടാം നിരയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തിന് സമീപത്താണ് ഇരിക്കുന്നത്. മോദിക്കും അമിത് ഷായ്‌ക്കും രാജ് നാഥ് സിങ്ങിനും നേരെ അഭിമുഖമായാണ് ഇരിക്കുന്നത്. ഞാന്‍ ജയിച്ചാല്‍ ലോക്‌സഭയിലെ ഒന്നാം നിരയിലോ രണ്ടാം നിരയിലോ ഇരിക്കും.
ഈ ചെറുപ്പക്കാരനെന്ന് പറയുന്ന ആള്‍ ജയിച്ചാല്‍ ലോക്‌സഭയില്‍ ഇരിക്കുക പത്താം നിരയിലാകും. രണ്ടാം നിരയില്‍ ഇരിക്കുന്നു എന്നതല്ല, മോദിയുടെയും അമിത് ഷായുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതിന് വേണ്ടി കൈ ഉയര്‍ത്തിയാല്‍ സ്‌പീക്കര്‍ സീനിയര്‍ അംഗം എന്ന നിലയില്‍ സംസാരിക്കാന്‍ അപ്പോള്‍ തന്നെ തനിക്ക് അവസരവും നല്‍കും.
- കെ റെയില്‍ വിഷയം മാവേലിക്കര മണ്ഡലത്തില്‍ ഒരു വലിയ വിഷയമായപ്പോള്‍ അങ്ങ് ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങിയ ജന പ്രതിനിധിയാണ്. അത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാകുമല്ലോ?
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയെന്ന് പറഞ്ഞ് കൊണ്ടുവന്ന കെ റെയില്‍ പദ്ധതി പൊളിച്ചടുക്കുന്നതിന് പിന്നില്‍ ഞാനാണ്. അതിനെതിരെ ആദ്യമായി ജനങ്ങളെ സംഘടിപ്പിച്ച് രംഗത്തുവന്നതും ഞാനാണ്. കെ റെയില്‍ ഇന്ന് നടക്കാതെ പോയതിനും കാരണക്കാരിലൊരാള്‍ ഞാന്‍ തന്നെയാണ്. അന്ന് കുടിയിറക്കപ്പെടേണ്ടിവരുമായിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ പിന്തുണ എനിക്കുണ്ടാകും.
- മാവേലിക്കരയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണോ?
ഓരോ ദിവസം കഴിയുന്തോറും ആത്മ വിശ്വാസം കൂടി വരുന്നു. ഭൂരിപക്ഷവും കൂടി വരുന്നു.
- ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരെയല്ലേ മത്സരിക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ എന്തു തോന്നുന്നു
വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ച് കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹം മറ്റൊരു മണ്ഡലത്തെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഉത്തരേന്ത്യയില്‍ തന്നെ മത്സരിച്ച് പ്രധാനമന്ത്രിയാകണം എന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ദക്ഷിണേന്ത്യയില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകുന്നതിന് ഒരു തടസവുമില്ല. പ്രധാനമന്ത്രി സ്ഥാനം ഉത്തരേന്ത്യക്കാര്‍ക്ക് തീറെഴുതിക്കൊടുത്തിട്ടൊന്നുമില്ല. അതുകൊണ്ട് രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിച്ച് പ്രധാനമന്ത്രിയാകുന്നതില്‍ എന്താണ് തെറ്റ്.
- ഇന്ത്യ സഖ്യത്തിന് ഭരിക്കാനാവശ്യമായ മാന്ത്രിക സംഖ്യ കിട്ടുമെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും, സാഹചര്യങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കെജ്‌രിവാളിനെ പോലെ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്‌ത് ജയിലിലിടുന്ന ഏകാധിപതിയുടെ ഭരണം ഇന്ത്യ രാജ്യത്തെ എവിടെക്കൊണ്ടു ചെന്നെത്തിക്കുമെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ബിജെപിയും മോദിയും കേന്ദ്ര സര്‍ക്കാരും താഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റും. ഇന്ത്യ സഖ്യം വലിയ മുന്നേറ്റം നടത്തി ഭരണം പിടിച്ചടക്കുക തന്നെ ചെയ്യും.
- ഇത്രയും സീനിയറായ താങ്കള്‍ക്ക് കെപിസിസി പ്രസിഡന്‍റ് ആകണമെന്നില്ലേ?
പല ഘട്ടങ്ങളിലും നേതൃത്വം എന്നെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും സാമുദായിക സമവാക്യങ്ങള്‍ അതിന് അനുകൂലമായില്ല.
- കേരളത്തിലെ കോണ്‍ഗ്രസിലെ രണ്ടും മൂന്നും നിര നേതാക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഈ പാര്‍ട്ടിയില്‍ സംവിധാനമില്ലെന്നതിന് തെളിവല്ലേ പത്മജ കോണ്‍ഗ്രസ് വിട്ട സംഭവം?
നിരവധി ആളുകള്‍ കോണ്‍ഗ്രസ് വിട്ടു പോകുകയും അതുപോലെ ധാരാളം പേര്‍ പാര്‍ട്ടിയില്‍ എത്തുകയും ചെയ്‌തിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നടക്കുന്ന ഒരു പ്രതിഭാസമാണ്. കേരളത്തില്‍ എകെ ആന്‍റണിയുടെ മകനും കെ കരുണാകരന്‍റെ മകളും പോയതിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നു.
കേരളത്തിന് പുറത്ത് ഇതൊരു സംഭവമേ അല്ല. ഗാന്ധി കുടുംബാംഗമായ മേനക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബിജെപിയുടെ എംപിയായിരുന്നില്ലേ. വിജയരാജ് സിന്ധ്യയും വസുന്ധര രാജെ സിന്ധ്യയും ബിജെപിയിലായിരുന്നപ്പോള്‍ മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസിലായിരുന്നില്ലേ. കേരളത്തില്‍ ഇതൊക്കെ വലിയ ചര്‍ച്ച വിഷയമാണെങ്കില്‍ ഉത്തരേന്ത്യയില്‍ ഇതൊക്കെ സാധാരണ സംഭവങ്ങള്‍ മാത്രമാണ്. പാര്‍ട്ടി അസംതൃപ്‌തരുടെ പ്രശ്‌നങ്ങള്‍ കൈകൈര്യം ചെയ്യുന്നുണ്ടോ എന്ന് പറയാന്‍ ഞാനാളല്ല. അത് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ഇപ്പോള്‍ ഞാന്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയായതിനാല്‍ അത്തരം വിവാദ വിഷയങ്ങളോടൊന്നും പ്രതികരിക്കാനില്ല.