കൊല്ലം: നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടാണ്. സ്ഥാനാർഥികളും പാർട്ടിക്കാരും വോട്ടര്‍മാരും രാജ്യം ആര് ഭരിക്കും എന്നറിയാനുള്ള ആകാംക്ഷയിലുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റേകുന്നവയാണ് കൊടികളും മറ്റ് പ്രചാരണ വസ്‌തുക്കളും. കൊല്ലത്ത് അതിനായി ഒരത്യുഗ്രൻ കൊടിക്കടയുണ്ട്.
രാഷ്‌ട്രീയ പാർട്ടികളുടെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊടിക്കടയില്‍ തിരക്കേറുകയാണ്. ഏത് രാഷ്‌ട്രീയ പാർട്ടിയുടെയും പ്രചാരണത്തിനായിട്ടുള്ള എന്തും ഈ കൊടിക്കടയിൽ ലഭിക്കും. 1984 ലെ തെരഞ്ഞെടുപ്പ് കാലം മുതൽ കൊല്ലത്തെയും സമീപ ജില്ലകളിലെയും രാഷ്‌ട്രീയപാർട്ടികൾ ആശ്രയിക്കുന്ന സ്ഥാപനമാണിത്. ഓൺലൈൻ പ്രചാരണം ഒന്നാം സ്ഥാനം പിടിച്ചടക്കിയെങ്കിലും കൊടികളുടെയും മറ്റു പ്രചാരണവസ്‌തുക്കളുടെയും പ്രൗഢി നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് ചിന്നക്കടയിലെ കൊടിക്കടയുടെ ഉടമയായ സുൾഫിക്കർ പറയുന്നത്.
സ്ഥാനാർഥികളുടെ കൂട്ടപ്പാച്ചിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ആവേശം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കൊടിക്കച്ചവടത്തിൽ കാണാറില്ല. എൽഇഡി ദീപങ്ങൾ ഘടിപ്പിച്ച ചിഹ്നങ്ങൾ, പാർട്ടി തൊപ്പികൾ എന്നിവയാണ് ഇപ്പോൾ ഇവിടെ നിന്ന് കൂടുതലായി വിറ്റുപോകുന്നത്. പാർട്ടി ചിഹ്നത്തിന്‍റെ രൂപത്തിലുള്ള ചെറിയ വസ്‌തുക്കളും ഇവിടെ ലഭ്യമാണ്.
കടുത്ത വേനലും പാർട്ടികളുടെ ചെലവ് ചുരുക്കലും വില്‍പ്പനയെ ആദ്യം ചെറുതായി ബാധിച്ചെങ്കിലും പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ കച്ചവടവും ചൂടുപിടിക്കുകയാണ്. പ്രിന്‍റിങ് സാമഗ്രികൾ വിൽക്കുന്ന കച്ചവടത്തിനൊപ്പമാണ് ഇവർ പ്രചാരണവസ്‌തുക്കളും വിൽക്കുന്നത്. കച്ചവടം കൂടിവന്നതോടെ തിരുവനന്തപുരം തമ്പാനൂരിലും കൊടിക്കടയുടെ ശാഖ തുടങ്ങിയിട്ടുണ്ട്.