വയനാട്: രാഹുല്‍ ഗാന്ധി റായ്‌ബറേലിയെ പുണര്‍ന്ന് വയനാടിനെ കൈവിട്ടപ്പോള്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. നവംബർ 13 ന് ആണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്. പ്രിയങ്ക അങ്കത്തട്ടിലേക്ക് സമ്മതമറിയിച്ചതോടെ കോണ്‍ഗ്രസിന് മുന്നില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടായില്ല. ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടില്‍ വീണ്ടും ഒരു അങ്കത്തിന് കളമൊരുങ്ങുമ്പോള്‍ ഇടത് -ബിജെപി ക്യാമ്പുകള്‍ ഏറെ അസ്വസ്ഥമാണ്.
പ്രിയങ്കയ്ക്ക് പോന്നോരു എതിരാളി എന്നതും കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമെന്നതും മറ്റ് കക്ഷികള്‍ക്ക് ഉണ്ടാക്കിയ തലവേദന ചെറുതല്ല. കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായത് കൊണ്ട് തന്നെ വലിയ മത്സരത്തിന് പോകേണ്ടെന്നൊരു അഭിപ്രായം ഇടതുക്യാമ്പില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യ സഖ്യ മുന്നണിയില്‍ പരസ്‌പം മത്സരിക്കാതെ എന്ത് കൊണ്ടൊരു വിട്ടു കൊടുക്കലിന് തയാറായിക്കൂടാ എന്ന തരത്തില്‍ പോലും ഇടതുമുന്നണിയില്‍ ചര്‍ച്ച നടന്നു.
അതേസമയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ മുതിര്‍ന്ന ഒരു നേതാവിനെ രംഗത്ത് ഇറക്കി ശക്തമായ മത്സരം കാഴ്‌ചവയ്ക്കുന്നതിനെ കുറിച്ചും സിപിഐയില്‍ ആലോചനയുണ്ടായി. എന്നാല്‍ അത്തരം ആത്മഹത്യാപരമായൊരു നീക്കത്തിന് പല നേതാക്കളും തയാറായില്ലെന്നതാണ് യാഥാര്‍ഥ്യം.
ഏറെ ആശയക്കുഴപ്പം നിറഞ്ഞ സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ്, പീരുമേട് മുന്‍എംഎല്‍എ ഇഎസ് ബിജി മോളെയും ബിജെപി ശോഭ സുരേന്ദ്രനെയും പരിഗണിക്കുന്നതായാണ് സൂചന. വയനാട് സിപിഐ ജില്ലാ കമ്മിറ്റിയും ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷത്തിന് മുകളില്‍ റെക്കോഡ് ഭൂരിപക്ഷം കോണ്‍ഗ്രസ് ലക്ഷ്യം വയ്‌ക്കുമ്പോള്‍ ഏഴ് ലക്ഷമാണ് എഐസിസി നിര്‍ദേശം. ഇതിനായി വയനാട് ഡിസിസി അരയും തലയും മുറുക്കി രംഗത്തുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചവരോട് ജനം കണക്ക് ചോദിക്കുമെന്നാണ് ഇടത് മുന്നണിയും ബിജെപിയും നല്‍കുന്ന മറുപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവില്‍ ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശോഭ സുരേന്ദ്രന് പാലക്കാടും നോട്ടമുണ്ടെങ്കിലും പ്രിയങ്കയ്‌ക്കെതിരെ ശോഭയെ രംഗത്തിറക്കാനുളള സാധ്യത ഏറെയെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുളള വിവരം.
റായ്‌ബറേലിയില്‍ രാഹുല്‍ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെതിരെ 3,90,030 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ വയനാട് രാഹുലിന് സമ്മാനിച്ചത് 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു. സിപിഐയുടെ ആനി രാജയെ ആയിരുന്നു രാഹുല്‍ തോല്‍പ്പിച്ചത്. മറ്റൊരു എതിരാളി ആയിരുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 1,41,045 വോട്ടുകളേ നേടാനായുള്ളൂ.
2019ലും രാഹുല്‍ രണ്ട് സീറ്റുകളില്‍ നിന്ന് ജനവിധി തേടിയിരുന്നു. അമേഠിയില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതേസമയം സുരക്ഷിത ഇടമെന്ന നിലയില്‍ വയനാട്ടില്‍ നിന്ന് കൂടി മത്സരിച്ചതിനാല്‍ അദ്ദേഹത്തിന് ലോക്‌സഭയിലെത്താനായി.
2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 7,06,367 വോട്ട് വയനാട്ടില്‍ നിന്നും നേടിയിരുന്നു. 4,31,770 ആയിരുന്നു അന്ന് രാഹുലിന്‍റെ ഭൂരിപക്ഷം. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നേരിയ രീതിയില്‍ ഇടിയുകയായിരുന്നു.
6,47,445 വോട്ടാണ് രാഹുലിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നും നേടാനായത്. എതിരാളിയായ ആനി രാജയ്‌ക്ക് 2,83,023 വോട്ടുകളും ലഭിച്ചിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇതെല്ലാം മറികടന്ന് 6,00,000 ത്തിന് മുകളിലെങ്കിലും പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം എത്തിക്കണമെന്നാണ് യുഡിഎഫ് ലോക്‌സഭ മണ്ഡലം നേതൃത്വം കണക്കാക്കുന്നത്.