പാർട്ടിയുമായി പ്രത്യക്ഷ യുദ്ധത്തിനിറങ്ങിയ സ്വതന്ത്ര എംഎൽഎ പിവി അൻവർ കേരളത്തിന്‍റെ ഇടത്പക്ഷ രാഷ്ട്രീയത്തിലെ ആദ്യ വിമത ശബ്‌ദമല്ല. മുന്‍പും പാർട്ടി നേതൃത്വത്തോട് എതിർപ്പ് പ്രഖ്യാപിച്ച് പാളയം വിട്ട എംഎൽഎമാർ ഇടത്പക്ഷത്തിനുണ്ടായിട്ടുണ്ട്. പാർട്ടിയുമായുള്ള അൻവറിന്‍റെ യുദ്ധം മുറുകുമ്പോൾ ഓർക്കപ്പെടുന്ന പേരുകളാണ് മഞ്ഞളാംകുഴി അലിയുടേതും ആർ സെൽവരാജിന്‍റേതും.
മഞ്ഞളാംകുഴി അലി
ഇടതുപക്ഷ നേതൃത്വവുമായുള്ള വിയോജിപ്പുകളിൽ സന്ധിക്ക് തയ്യാറാവാതെ രാജി പ്രഖ്യാപിച്ച് പാളയം മാറിയ, മലപ്പുറത്ത് നിന്ന് തന്നെയുള്ള ഇടത് സ്വതന്ത്ര എം എൽ ആയിരുന്നു മഞ്ഞളാംകുഴി അലി. മങ്കടയിൽ നിന്നും ഇടത് പിന്തുണയോടെ നിയമസഭയിലെത്തിയ മഞ്ഞളാം കുഴി അലി 2010 ലാണ് രാജി വെച്ച് പാർട്ടി വിടുന്നത്. പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് തന്‍റെ പേർസണൽ സെക്രട്ടറി വഴിയാണ് അലി സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറുന്നത്. പാർട്ടി നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞായിരുന്നു മഞ്ഞളാംകുഴി അലിയുടെ രാജി.
സിപിഎമ്മിനകത്തെ വിഭാഗീയതയിൽ വി എസ് പക്ഷത്തോട് ചായ്‌വ് പുലർത്തിയിരുന്ന അലി, പിണറായി പക്ഷം പാർട്ടിയിൽ പിടിമുറുക്കിയതോടെ ഒറ്റപ്പെട്ടു എന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം, തന്നെ ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്‌തെന്ന് രാജിയോടനുബന്ധിച്ച് അലി തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെച്ച അലി, നേരെ മുസ്ലിം ലീഗിലേക്ക് ചേക്കേറി.
മങ്കട മണ്ഡലത്തിൽ 25 വർഷത്തെ ലീഗിന്‍റെ ആധിപത്യം അവസാനിപ്പിച്ച് ചെങ്കൊടി പാറിച്ച നേതാവ് മുസ്ലിം ലീഗിലേക്ക് വന്നത് വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു. എന്നാൽ പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായായിരുന്നു അലിയുടെ മലപ്പുറത്തെ പ്രവർത്തനം എന്നും, ഇതാണ് വിയോജിപ്പുകളിലേക്ക് നയിച്ചതെന്നുമായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്തായാലും ലീഗിൽ എത്തിയ അലി പിന്നീട് പെരിന്തൽമണ്ണയിൽ നിന്നും മത്സരിച്ച ജയിച്ച് വീണ്ടും നിയമസഭയിലെത്തി.
ആർ സെൽവരാജ്
സിപിഎം നേതൃത്വത്തിനെതിരെ പാർട്ടിക്കുളിൽ നിന്ന് തന്നെ ഉയർന്ന മറ്റൊരു ശബ്‌ദമായിരുന്നു നെയ്യാറ്റിൻകര എം എൽ എ ആയിരുന്ന ആർ സെൽവരാജിന്‍റേത്. 2012-ല്‍ എംഎൽഎ സ്ഥാനം രാജിവെച്ച സെൽവരാജ് പാർട്ടി വിട്ടു. പാർട്ടിയിലെ വിഭാഗീയതയിലും ജില്ലാ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിൻ്റെ ആക്രമണത്തിലും വേദനിച്ചാണ് രാജി എന്നായിരുന്നു സെൽവരാജിന്‍റെ പ്രതികരണം. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അന്ന് സെൽവരാജ് പ്രതികരിച്ചിരുന്നു.
സാധാരണ, പാർട്ടി സമ്മേളനങ്ങൾ കഴിയുമ്പോൾ വിഭാഗീയത അവസാനിക്കാറാണ് പതിവ്. എന്നാൽ എല്ലാ സമ്മേളനങ്ങളും ഒറ്റ വ്യക്തിയെ കേന്ദ്രീകരിക്കുകയാണെന്നും താൻ കൂട്ടമായി ആക്രമിക്കപ്പെടുകയാണെന്നും സെൽവരാജ് പറഞ്ഞു.2006 ൽ പാറശാലയിൽ നിന്ന് മത്സരിച്ചു വിജയിച്ച സെൽവരാജിനെ 2011 ൽ പാർട്ടി തട്ടകം മാറ്റി നെയ്യാറ്റിൻകരയിൽ ഇറക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിൽ കോൺഗ്രസിൻ്റെ ശക്തനായ തമ്പാനൂർ രവിയെ സെൽവരാജ് 6,702 വോട്ടിന് പരാജയപ്പെടുത്തി. രാജിക്ക് ശേഷം യുഡിഎഫിലേക്ക് ചേക്കേറിയ സെൽവരാജ് 2012 ൽ അതേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിൽ നിന്ന് മത്സരിച്ചു വിജയിച്ചു.
അതേസമയം രാജിയും പാർട്ടി മാറ്റവും ഇല്ല എന്നതാണ് അൻവറിന്റെ വിമത ശബ്‌ദത്തെ വ്യത്യസ്‌തമാക്കുന്നത്. പുതിയ പാർട്ടി രൂപീകരണ സാധ്യതകളെയും അൻവർ തള്ളിക്കളയുന്നില്ല. പാർട്ടിയോട് ഉടക്കി രാജിവെച്ച രണ്ട് നേതാക്കളും തൊട്ടടുത്ത് നേരിട്ട തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ വിജയം നേടി എന്നതാണ് മറ്റൊരു കാര്യം.
Also Read : ജനപിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും; എം വി ഗോവിന്ദന് മറുപടിയുമായി അൻവർ