തിരുവനന്തപുരം: ലേബര്‍ ക്യാമ്പിലെ തീപിടിത്തിത്തില്‍ നിരവധി മലയാളികള്‍ മരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകും. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാകും കുവൈറ്റിലേക്ക് തിരിക്കുക.
സംഭവത്തില്‍ കേന്ദ്ര സർക്കാരുമായി ചേർന്നാകും സംസ്ഥാന സർക്കാർ പ്രവർത്തിക്കുക. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് മുഖേനയാകും സംസ്ഥാനം കേന്ദ്രവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം സഹായം നൽകും. കൂടാതെ, പ്രമുഖ വ്യവസായികളായ യൂസഫലി, രവി പിള്ള എന്നിവര്‍ അഞ്ച്, രണ്ട് ലക്ഷം വീതം ധനസഹായം നല്‍കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ കുടുംബത്തിന് 12 ലക്ഷം രൂപ വീതമാകും സഹായം ലഭിക്കുക.