കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ ചൂണ്ടികാണിച്ചു കൊണ്ട് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസിന്‍റെയും യൂത്ത് ലീഗിന്‍റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ തകരാർ പരിഹരിക്കാതിരുന്നതാണ് മുഹമ്മദ് റിജാസിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് പ്രവർത്തകർ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജില്‍ വച്ച് മുഹമ്മദ് റിജാസിന്‍റെ പോസ്‌റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ മാർച്ചുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ കെഎസ്ഇബി ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. അത് പൊലീസും പ്രവര്‍ത്തകരും തമ്മിലുളള ഉന്തും തള്ളിലും കലാശിച്ചു.
തുടർന്ന് ഇരുവിഭാഗങ്ങളുടെയും നേതൃത്വം ഇടപെട്ടാണ് സംഘർഷത്തിന് അയവ് വരുത്തിയത്. സംഭവത്തിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കെഎസ്ഇബി അസിസ്‌റ്റൻറ് എൻജിനീയർക്ക് പരാതി നൽകുന്നത് പൊലീസ് തടഞ്ഞതോടെ വീണ്ടും സംഘർഷം ഉണ്ടായി. തുടർന്ന് മാര്‍ച്ചിന് എത്തിയ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തു നീക്കി.
Also Read: ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം വിവാദത്തില്‍; കെഎസ്‌ഇബിയുടെ അനാസ്ഥയെന്ന് കുടുംബം