തിരുവനന്തപുരം : കെഎസ്‌യു തെക്കൻ മേഖല ക്യാമ്പിൽ നടന്ന പ്രവർത്തകരുടെ കൂട്ടത്തല്ലിൽ പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗത്തിന്‍റെ കൈക്ക് പരിക്ക്. കെഎസ്‌യു പാറശ്ശാല മണ്ഡലം കമ്മിറ്റി ഭാരവാഹിയും പാറശ്ശാല സ്വദേശിയുമായ സുജിത്തിനാണ് പരിക്ക്. കൈയിലെ ഞരമ്പുകൾ മുറിഞ്ഞ സുജിത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സ്റ്റഡി സെന്‍ററിൽ മെയ് 24 ന് ആരംഭിച്ച ക്യാമ്പിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പ്രവർത്തകർക്കിടയിലുണ്ടായ വാക്ക് തർക്കവും അഭിപ്രായവ്യത്യാസവും ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. ഇന്ന് ക്യാമ്പ് അവസാനിക്കാനിരിക്കെയാണ് ഇന്നലെ (മെയ് 25) രാത്രി കൂട്ടത്തല്ല് ഉണ്ടായത്.
ക്യാമ്പ് അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ചിലർ ഉള്ളിൽ കടന്നുകൂടി സംഘർഷം ആരംഭിച്ചുവെന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. അർധരാത്രി കലാപരിപാടികൾ നടന്നതിന് ശേഷമാണ് തല്ലുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്‍റ് അലോയ്ഷ്യസ് സേവ്യറിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. സംഘർഷത്തിന് മുൻപ് നടന്ന കലാപരിപാടികളിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോയ്ഷ്യസ് സേവ്യർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പഴകുളം മധു, എം എം നസീർ, എ കെ ശശി എന്നിവർ അംഗങ്ങളായ കമ്മിഷനോടാണ് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്.