തിരുവനന്തപുരം: സർവീസ് പെൻഷൻകാരെ സംസ്ഥാന സർക്കാർ വഞ്ചിക്കുന്നതായി ആക്ഷേപം. അര്‍ഹിക്കുന്ന ആനൂകൂല്യങ്ങള്‍ ലഭിക്കാതെയാണ് പല പെന്‍ഷന്‍കാരും ഈ ഭൂമി വിട്ടുപോകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 മുതൽ അർഹിക്കുന്ന പെൻഷൻ വർധനവ് ലഭിക്കാതെ ഒരു ലക്ഷം പെൻഷൻകാരാണ് മരിച്ചത്.
2019ലെ പെൻഷൻ പരിഷ്‌കരണത്തിന്‍റെ ഭാഗമായി നൽകേണ്ട ക്ഷാമാശ്വാസ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ പോലും സംസ്ഥാന സർക്കാർ നാളിതുവരെ വിതരണം ചെയ്‌തിട്ടില്ല. 2021 ജൂലൈ മുതൽ നൽകേണ്ട ആറ് ഗഡു ക്ഷാമ ബത്തയും അതിന്‍റെ കുടിശികയും വിതരണം ചെയ്‌തിട്ടില്ല. 2024 ജൂലൈ മുതൽ മറ്റൊരു ഗഡു (3%) ക്ഷാമാശ്വാസത്തിന് കൂടി സർവീസ് പെൻഷൻകാർ അർഹരാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ഗഡു (2%) ക്ഷാമാശ്വാസം അനുവദിച്ചെങ്കിലും അതിന്‍റെ 39 മാസത്തെ കുടിശിക നൽകിയിട്ടില്ല. ഈ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ സത്യഗഹ സമരം സംഘടിപ്പിച്ചു.
ഇത് സംബന്ധിച്ച് നിയമസഭയിൽ അടക്കം ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമര പരിപാടികൾ സംഘടിപ്പിക്കാനാരംഭിച്ചത്. ജൂലൈ 1ന് സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിലേക്ക് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ യാതൊരു നടപടികളും ഉണ്ടാവാതിരുന്നതോടെയാണ് കെഎസ്എസ്‌പിഎ, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലും എല്ലാ ജില്ല കേന്ദ്രങ്ങളിലും ഏകദിന സത്യഗ്രഹത്തിന് ആഹ്വാനം ചെയ്‌തത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പത്തനംതിട്ടയിൽ മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടന്ന സത്യഗ്രഹ സമരം പത്തനംതിട്ട ജില്ല കോൺഗ്രസ് പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്‌ഘാടനം ചെയ്‌തു. സർവീസ് പെൻഷൻകാരോട് സംസ്ഥാന സർക്കാർ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു. അഴിമതിയും ധൂർത്തും അവസാനിപ്പിച്ച് പെൻഷൻ അനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം. പെൻഷൻകാരുടെയും വയോജനങ്ങളുടേയും ദുരിതം കാണാൻ അധികാരികൾ തയ്യാറാവുന്നില്ലെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്എസ്‌പിഎ ജില്ല പ്രസിഡന്‍റ് എംഎ ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, വിൽസൺ തുണ്ടിയത്ത്, എലിസബത്ത് അബു തുടങ്ങിയവരും സംസാരിച്ചു.