മുംബൈ : മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണത്തില്‍ ബിഹാർ മോഡല്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി ബിജെപി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും തര്‍ക്കം തുടരുന്നതിനിടെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
എംഎൽഎമാര്‍ കുറവായിരുന്നിട്ടും ബിഹാറിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് പോലെ മഹാരാഷ്‌ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി ആക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഷിൻഡെ വിഭാഗം എംപി നരേഷ് മഹാസ്‌കെ, എംഎൽഎ സഞ്ജയ് ഷിർസാത്, ഭരത് ഗോഗവാലെ എന്നിവരാണ് ഈ നിർദേശവുമായി രംഗത്ത് വന്നത്. എന്നാല്‍ ബിജെപി ദേശീയ വക്താവ് പ്രേം ശുക്ലയും ബിജെപി നേതാവ് റാവുസാഹേബ് ദൻവെയും ഈ ആവശ്യം തള്ളി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിഹാറിലെ സ്ഥിതി വ്യത്യസ്‌തമാണ് എന്നും അതിനാൽ ശിവസേനയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശുക്ലയും ദാൻവെയും വ്യക്തമാക്കി. മഹായുതി സഖ്യം വിജയിച്ച 230 മണ്ഡലങ്ങളില്‍ 132 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. ശിവസേനയ്ക്ക് 57 സീറ്റുകളും എൻസിപിക്ക് 41 സീറ്റുകളുമാണ് ലഭിച്ചത്.
സീറ്റ് കുറവെങ്കിലും ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേന നേതാക്കളുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിയുടെ മൂന്ന് പാർട്ടികളും തമ്മിൽ തർക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിജയത്തിന് കാരണം ഷിൻഡെയെന്ന് ശിവസേന : മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് വിജയിച്ചത് എന്നാണ് ശിവസേനയുടെ അവകാശവാദം. ഏക്‌നാഥ് ഷിൻഡെയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്‌ട്ര എംപി മഹാസ്കെ ആവശ്യപ്പെടുന്നു.
ഹരിയാനയിൽ നയാബ് സിങ് സെയ്‌നിയെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം സെയ്‌നി തന്നെ മുഖ്യമന്ത്രിയായി എന്ന കാര്യവും മഹാസ്‌കെ ചൂണ്ടിക്കാട്ടുന്നു. ഇതേ മാതൃക മഹാരാഷ്‌ട്രയിലും നടപ്പാക്കണമെന്നാണ് മഹാസ്‌കെയുടെ ആവശ്യം.
അതേസമയം, ഒരു എംപിയുടെ പ്രസ്‌താവന പാർട്ടിയുടെ പ്രസ്‌താവനയായി കണക്കാക്കുന്നത് അതിശയോക്തിയാണ് എന്നാണ് ബിജെപി വക്താവ് പ്രേം ശുക്ല പ്രതികരിച്ചത്. പാർട്ടികൾ തമ്മിൽ കൃത്യമായ ഏകോപനമുണ്ടെന്നും ശുക്ല പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്‍ററി ബോർഡും മൂന്ന് പാർട്ടികളുടെയും ഉന്നത നേതാക്കളും ഇരുന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരു മുഖ്യമന്ത്രിയായാലും നമ്മുടെ സർക്കാർ ശക്തമാകുമെന്നും ശുക്ല പറഞ്ഞു.
ബിഹാറിൽ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു എന്നും ശുക്ല ചൂണ്ടിക്കാട്ടി. ഷിൻഡെ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹത്തിന് എല്ലാം മനസിലാകുമെന്നും പ്രേം ശുക്ല പറഞ്ഞു. അതിനാൽ എംപി നരേഷ് മഹാസ്‌കെ പറഞ്ഞതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ശുക്ല പറഞ്ഞു.
മഹാരാഷ്‌ട്രയും ബിഹാറും വ്യത്യസ്‌ത സംസ്ഥാനമാണെന്നും ബിഹാർ മാതൃക ഇവിടെ നടപ്പാക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ബിജെപി നേതാവ് റാവുസാഹേബ് ദൻവെ എടുത്തത്.
Also Read: 'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അട്ടിമറി'; വോട്ടിങ് മെഷീനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല