തിരുവനന്തപുരം : കെഎസ്ആർടിസിയിൽ റൂട്ട് റാഷണലൈസേഷനിലൂടെ കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട ജില്ലയിൽ 1,75,804 രൂപയും ഒറ്റ ദിവസം കൊണ്ട് ലഭിക്കാൻ സാധിച്ചുവെന്നും റൂട്ട് റാഷണലൈസേഷൻ രണ്ടാംഘട്ടം അതിവേഗം പൂർത്തിയാക്കിയെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു (KSRTC Route Rationalization In Kollam And Pathanamthitta). ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ 3.66 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിലെ റൂട്ട് റാഷണലൈസേഷന്‍റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ റീ അറേഞ്ച് ചെയ്‌ത് നേടിയത് മികച്ച നേട്ടമാണ്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം 12,796 കിലോമീറ്റർ ആണ് ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ കണ്ടെത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 3311.45 ലിറ്റർ ഡീസൽ ലാഭിക്കാൻ സാധിക്കും. ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്‌സിനും മെറ്റീരിയലുകൾക്കുമായി അനുബന്ധ ചെലവുകളും ഉണ്ടാകും.
ഇതിലൂടെ 51,182 രൂപ ലാഭിക്കാൻ കഴിയും. ആകെ പ്രതിദിന ലാഭം 3,66,347 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 1,09,90,410 രൂപയാണ്. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയെങ്കിലും ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്‌തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല.
റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ തിരുവനന്തപുരം ജില്ലയിൽ 30 ദിവസത്തെ ലാഭം 98,94,930.90 രൂപയും കൊല്ലം ജില്ലയിലേത് 1,09,90,410 രൂപയുമാണ്. 2,08,85,340.9 രൂപയാണ് രണ്ട് ജില്ലകളിൽ നിന്നുമുള്ള ആകെ ലാഭം.
കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട , തിരുവല്ല എന്നീ നാല് ക്ലസ്‌റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫിസർമാരുമായും കെഎസ്ആർടിസി സിഎംഡി, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരുമായും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചകളെ തുടർന്നാണ് രണ്ടാംഘട്ട റൂട്ട് റാഷനലൈസേഷൻ വിജയകരമായി പൂർത്തീകരിച്ചത്. ഷെഡ്യൂളുകൾ അതിവേഗം പുനക്രമീകരിക്കുന്നതിന് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായ സഹകരണം പ്രശംസനീയമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.