തിരുവനന്തപുരം : റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയത് മൂലം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ ലാഭിക്കാൻ കഴിഞ്ഞുവെന്ന് കെഎസ്ആർടിസി. 2,85,837 രൂപയാണ് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫിസർമാരുമായും കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടർ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിൽ ആണ് ഗതാഗത വകുപ്പ് മന്ത്രി റൂട്ട് റാഷണലൈസേഷൻ നിർദേശം മുന്നോട്ടുവച്ചതെന്നും, ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതെന്നും മാനേജ്മെന്‍റ് അറിയിച്ചു.
തിരുവനന്തപുരത്ത് മാത്രം 10998.40 ആണ് ഡെഡ് കിലോമീറ്ററായി മനസിലാക്കിയത്. 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഇതിലൂടെ ലഭിക്കാം. ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്‌സിനായി ചെലവാകും. അതുവഴി 43,993.60 രൂപ ലഭിക്കാം. ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ്.
ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ട്കളിലും മലയോര/ആദിവാസി/തോട്ടംതൊഴിലാളി/തീരദേശ/കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്‌തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ലെന്നും ഇതേ രീതിയിൽ മറ്റ് എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.