തിരുവനന്തപുരം : പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ കേടുപാടുകൾ തീർത്ത് നിരത്തിലിറക്കാൻ കെഎസ്ആർടിസി. പ്രതികൂല കാലാവസ്ഥയിൽ സർവീസ് ഓപ്പറേഷൻ ചെലവ് കുറച്ച് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി കെഎസ്ആർടിസി ആസ്ഥാനത്ത് എംഡി പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു.
യോഗത്തിൽ എല്ലാ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, അപകടങ്ങൾ പരമാവധി കുറയ്ക്കുക, പുതുതായി നിലവിൽവരുന്ന ഓൺലൈൻ സ്‌റ്റുഡന്‍റ്‌സ് കൺസെഷൻ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക എന്നിവ അടക്കമുള്ള നിർദേശങ്ങൾ എംഡി നൽകി. യോഗത്തിൽ കൺസെഷൻ സോഫ്റ്റ്‌വെയറിൻ്റെ പ്രവർത്തനം യൂണിറ്റ് അധികാരികൾക്ക് വിശദീകരിച്ച് നൽകുകയും പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും തേടുകയും ചെയ്‌തു.
എല്ലാ യൂണിറ്റുകളിലും ദിവസവും രാവിലെ വെൽഫെയർ കമ്മിറ്റി മീറ്റിംഗ് (ക്വാളിറ്റി സർക്കിൾ മാതൃകയിൽ) കൂടണമെന്നും യൂണിറ്റ് തലത്തിൽ പരിഹരിക്കാവുന്ന പൊതുവായ അടിയന്തര വിഷയങ്ങൾ, ജീവനക്കാരുടെ വെൽഫെയർ വിഷയങ്ങൾ, എന്നിവ ഈ കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് യൂണിറ്റ് തലത്തിൽ തന്നെ ഉടൻ പരിഹരിക്കണമെന്നും നിർദേശം നൽകി. യൂണിറ്റ് തലത്തിൽ കഴിയാത്ത പരിഹാര നിർദ്ദേശങ്ങൾ സഹിതം ചീഫ് ഓഫിസിൽ അറിയിച്ച് പരിഹാരം കാണണമെന്നും, വൈദ്യുതി, വെള്ളം തുടങ്ങി റക്കറിംഗ് ചെലവുകൾ എല്ലാ യൂണിറ്റുകളും പ്രവർത്തന മികവിലൂടെ കുറച്ച് കൊണ്ടുവരണമെന്നും എംഡി നിർദേശം നൽകി.
യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുകയും, ചെലവ് കുറച്ച് അധിക വരുമാനം നേടുകയും ചെയ്‌ത യൂണിറ്റുകളിലെയും ഓഫ് റോഡ് ഏറ്റവും കുറച്ച് പ്രവർത്തന മികവ് കാണിച്ച യൂണിറ്റുകളിലെയും യൂണിറ്റ് ഓഫീസർമാരെയും ഗ്യാരേജ് അധികാരികളെയും ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. യൂണിറ്റ് തലത്തിൽ സർവീസ് ഓപ്പറേഷനിലെ മികവുറ്റ പ്രവർത്തനത്തിന് പത്തനാപുരം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ഓപ്പറേറ്റിംഗ് സെൻ്ററുകളിൽ കുളത്തൂപ്പുഴ ഒന്നാം സ്ഥാനവും, ആര്യനാട്, ഇരിഞ്ഞാലക്കുട എന്നിവ രണ്ടും, മൂന്നും സ്ഥാനങ്ങളും നേടി. ഓഫ് റോഡ് ബസുകളുടെ എണ്ണം പരമാവധി കുറച്ച് മികച്ച പ്രവർത്തനം കാഴ്‌ചവച്ചതിന് ഡിപ്പോ തലത്തിൽ പാലക്കാടും, ഓപ്പറേറ്റിംഗ് സെൻ്ററുകളിൽ വടക്കാഞ്ചേരിയും ഒന്നാം സ്ഥാനം നേടിയെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.
ALSO READ: കെഎസ്‌ആര്‍ടിസി കണ്‍സഷന് ഇനി ഓൺലൈൻ രജിസ്‌ട്രേഷന്‍; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം