തിരുവനന്തപുരം: തലസ്ഥാന നഗരവീഥികൾ തുറന്ന ഇരുനില ബസിലിരുന്ന് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആരംഭിച്ച ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് വരുമാനക്കുതിപ്പിലും ഡബിൾ ബെല്ലടിച്ച് മുന്നോട്ട്. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച സർവീസില്‍ നിന്ന് രണ്ട് മാസത്തോടടുക്കുമ്പോൾ ഏകദേശം 17.28 ലക്ഷം രൂപയാണ് ഇതുവരെ നേടിയ വരുമാനമെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു.
ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഈ സർവീസ് യാത്രക്കാരുടെ മനംകവർന്ന് ജനപ്രിയ സർവീസായി മാറിയത്. ഇരു ബസുകളിൽ നിന്നുമായി ഏകദേശം 32,000 രൂപയാണ് ലഭിക്കുന്ന പ്രതിദിന ശരാശരി വരുമാനം. തുടക്കത്തിൽ രാവിലെ 8 മണിക്ക് ആദ്യ യാത്ര ആരംഭിച്ച് ഓരോ ട്രിപ്പുകളായി രാത്രി 10 മണി വരെ തുടരുന്ന വിധത്തിലായിരുന്നു സർവീസ്.
നിലവിൽ കനത്ത വേനൽച്ചൂട് കാരണം വൈകിട്ട് 3 മണിക്ക് ആരംഭിച്ച് ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 വരെ തുടരുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 100 രൂപയാണ് ഒരാൾക്ക് നിരക്ക്.
സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്‌ക്കെടുക്കാനും സൗകര്യം, നിരക്ക് ഇങ്ങനെ:
സ്‌കൂളുകളിലെയും മറ്റും വിനോദ സഞ്ചാര ആവശ്യങ്ങൾക്ക് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ വാടകയ്ക്കെടുക്കാനുള്ള സൗകര്യവും ബജറ്റ് ടൂറിസം സെൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. താരിഫ് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്.
- 4 മണിക്കൂർ (75km) - 9,900 + GST
- 8 മണിക്കൂർ (150 km) - 12,650 + GST
- 12 മണിക്കൂർ (200 km) - 18,150 + GST
- 16 മണിക്കൂർ (300 km) - 25,300 + GST
എന്നിങ്ങനെയാണ് നിരക്കുകൾ
വിവാഹം, ഷൂട്ടിങ്, അഡ്വർടൈസ്മെൻ്റ് ക്യാംപെയ്ൻ നിരക്ക് കൂടും:
വിവാഹം, ഷൂട്ടിങ്, അഡ്വർടൈസ്മെൻ്റ് ക്യാംപെയ്ൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ബസ് വാടകയ്ക്കെടുക്കുമ്പോൾ നിരക്ക് അൽപം കൂടും.
- 4 മണിക്കൂർ (75km) - 10,800 + GST
- 8 മണിക്കൂർ (150 km) - 13,800 + GST
- 12 മണിക്കൂർ (200 km) - 19,800 + GST
- 16 മണിക്കൂർ (300 km) - 27,600 + GST
എന്നിങ്ങനെയാണ് നിരക്കുകൾ. ബസിന് സുഗമമായി കടന്നു പോകാനാകുന്ന റൂട്ടാണോ എന്നതടക്കം പരിശോധിച്ച ശേഷമാകും ബസ് വാടകയ്ക്ക് നൽകുക. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ എടിഒയുമായി ബന്ധപ്പെട്ടാല്‍ ബസ് വാടകയ്ക്ക് എടുക്കാവുന്നതാണ്.
നിലവിൽ സർവീസ് നടത്തുന്ന റൂട്ട്:
കിഴക്കേകോട്ടയിൽ നിന്ന് യാത്ര ആരംഭിക്കും. വിജെടി ഹാൾ - കേരള യൂണിവേഴ്‌സിറ്റി - എംഎൽഎ ഹോസ്‌റ്റൽ - ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം - നിയമസഭ മന്ദിരം - എൽഎംഎസ് ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - രാജ്ഭവൻ - കവടിയാർ - മാനവീയം വീഥി - ചിൽഡ്രൻസ് പാർക്ക് - ഫൈൻ ആർട്‌സ് കോളജ് - സെൻ്റ് ജോസഫ് ചർച്ച് - ചാക്ക - എയർപോർട്ട് - ശംഖുമുഖം - ലുലു മാൾ എന്നിവിടങ്ങളിലൂടെ തിരികെ കിഴക്കേകോട്ട.
ഡബിൾ ഡെക്കറിൽ ലഘുഭക്ഷണവും പാനീയവും:
യാത്രക്കാരുടെ ആവശ്യം അനുസരിച്ച് ഡബിൾ ഡെക്കറിൽ ലഘുഭക്ഷണവും പാനീയവും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ പെയ്മെന്‍റ് ആയോ നേരിട്ടോ കണ്ടക്‌ടർക്ക് പണം നൽകി ഇവ വാങ്ങാം. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ് സംവിധാനം ഏർപ്പെടുത്തിയത്.
ALSO READ: സൂപ്പര്‍ ഫാസ്റ്റില്‍ ലഘു ഭക്ഷണവും പാനീയവും, അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി