കോഴിക്കോട്: ആനക്കാംപൊയിലിൽ പുഴയിലേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസ് കരയ്‌ക്കെത്തിച്ചു. മുക്കം ഫയർ യൂണിറ്റിന്‍റെയും തിരുവമ്പാടി പൊലീസിന്‍റെയും നേതൃത്വത്തിൽ ക്രെയിൻ ഉപയേഗിച്ചാണ് പുഴയിൽ നിന്നും കെഎസ്ആർടിസി ബസ് ഉയർത്തി മാറ്റിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെയാണ് ബസ് ഉയർത്തിയത്.
അപകടത്തെ തുടർന്ന് ബസിന്‍റെ മുൻഭാഗം പുഴയിലേക്ക് താഴ്ന്ന നിലയിലായിരുന്നു. നാട്ടുകാരുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സഹായത്തോടെ ക്രെയിനിൽ കുളത്തിയ ഇരുമ്പ് വടം ഉപയോഗിച്ച് ബസിന്‍റെ മുൻവശത്ത് കെട്ടി ഉയർത്തുകയായിരുന്നു. അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. ആനക്കാംപൊയിൽ വേലം കുന്നേൽ കമലം (65) ആനക്കാംപൊയിൽ ത്രേസ്യാമ്മ (75) എന്നിവരാണ് മരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റ് നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്ന് (ഒക്‌ടോബര്‍ 08) ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന കാളിയം പുഴയുടെ കുറുകെ സ്ഥാപിച്ച പാലത്തിന് അരികിലെ കൈവരി ഇടിച്ചു തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.
അപകട സമയത്ത് പുഴയിൽ ഒരാളിലധികം താഴ്‌ചയിൽ വെള്ളമുണ്ടായിരുന്നു. അപകടത്തിൽ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ മുക്കത്തു നിന്നും എത്തിയ ഫയർ ഫോഴ്‌സ് അംഗങ്ങളും ഡിഫൻസ്, ആത്മമിത്ര അംഗങ്ങളും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങൾ മുറിച്ചു നീക്കിയാണ് പുറത്ത് എത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ സീനിയർ ഫയർ ഓഫിസർ സി മനോജ് എന്നിവർ നേതൃത്വം നൽകി.
Also Read: കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്