കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിനെതിെരെ കുറ്റം ചുമത്തി പൊലീസ്. എസ്എഫ്ഐ
നേതാവിനെ ഭീഷണിപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൊഴി രേപ്പെടുത്താൻ ആവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കറിന് കൊയിലാണ്ടി പൊലീസ് കൈമാറിയ നോട്ടീസിലാണ് വകുപ്പുകൾ വ്യക്തമാക്കിയിരിക്കുന്നത്.
ഭാരതീയ നാഗരിക് സുരക്ഷ സംഹിത 126 (2), 115 (2), 35 (3) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണിത്. എന്നാൽ പ്രിൻസിപ്പാളിനെ മർദിച്ച സംഭവത്തിലും പൊലീസ് സാന്നിധ്യത്തിലടക്കം എസ്എഫ്ഐ നേതാക്കൾ നടത്തിയ ഭീഷണിയിലും പൊലീസ് സ്വമേധയ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഡോ. സുനിൽ ഭാസ്‌കർ അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകർ കോളജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി പ്രിൻസിപ്പാളിന്‍റെ കാലുകൾ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിനിടെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ പ്രിൻസിപ്പാളിനെതിരെ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് പരാതി നൽകി. നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് പരാതി.