പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ കൊട്ടിക്കലാശത്തിലും ഒട്ടും വിട്ടുകൊടുക്കാൻ മൂന്ന് പ്രധാന മുന്നണികളും തയ്യാറായില്ല. ജില്ലാ ആസ്ഥാനത്തെ കൊട്ടിക്കലാശം അബാൻ ജംഷനിലാണ് അരങ്ങേറിയത്. പത്തനംതിട്ട സെന്‍ട്രല്‍ ജംഷനിൽ നിന്നുള്ള റോഡിൽ യുഡിഎഫ് പ്രവർത്തകരും ബസ് സ്‌റ്റാൻ്റിൻ്റെ ഭാഗത്തു നിന്നുള്ള റോഡിൽ എൽഡിഎഫ് പ്രവർത്തകരും മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്കുള്ള റോഡിൽ എൻഡിഎ പ്രവർത്തകരും കുമ്പഴ റോഡിൽ ചെറുപാർട്ടികളും സ്വതന്ത്രരും അണിനിരന്നു.
മൂന്ന് മണിയോടെ തന്നെ ഓരോ മുന്നണികളും അവരവർക്ക് അനുവദിച്ച ഇടങ്ങളിൽ വാദ്യമേളങ്ങളുടെയും വർണ്ണ ബലൂണുകളുടെയും അകമ്പടിയോടെ അണിനിരന്നപ്പോൾ ചെറുപുരം കാണുന്ന കൗതുകത്തോടെ നൂറ് കണക്കിന് കാഴ്‌ചക്കാരും എത്തിച്ചേർന്നു. ക്രമസമാധാന പാലനത്തിനായി ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
പൊതുവേ രാഷ്‌ട്രീയ സംഘർഷങ്ങൾ കുറവുള്ള പത്തനംതിട്ട ജില്ലയിലെ കൊട്ടിക്കലാശം എല്ലാ മുന്നണികളും പാർട്ടികളും തങ്ങളുടെ ശക്തി പ്രകടനമാക്കിയെങ്കിലും കാര്യമായ സംഘർഷങ്ങളില്ലാതെയാണ് കൊട്ടിക്കലാശം സമാപിച്ചത്. കൊട്ടിക്കലാശത്തിൻ്റെ അവസാന മിനിട്ടുകളിലാണ് അണികളെ ആവേശ കൊടുമുടിയിലാക്കി സ്ഥാനാർഥികളും പ്രധാന നേതാക്കളും രംഗത്തെത്തിയത്.