കോട്ടയം: കുരുന്നുകളെ വരവേൽക്കാൻ കോട്ടയം ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങി. കോട്ടയം ജില്ലാതല പ്രവേശനോത്സവം കുമരകത്ത് നടക്കും. ഇത്തവണ പതിനായിരത്തിലധികം നവാഗതരാണ് സ്‌കൂൾ തലത്തിലേക്ക് പ്രവേശിക്കുന്നത്. മന്ത്രി വി എൻ വാസവൻ പ്രവേശോ നോൽസവം ഉത്ഘാടനം ചെയ്യും.
ആദ്യമായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ തയാറെടുപ്പുമായി അധ്യാപകരും വിദ്യാർഥികളും. മധുരം നൽകിയും ക്ലാസ് മുറികൾ വർണാഭമാക്കിയും ആട്ടവും പാട്ടുമായി നവാഗതരെ സ്വീകരിക്കാൻ പ്രൈമറി സ്‌കൂളുകൾ തയാറെടുത്തുകഴിഞ്ഞു.
2023-അധ്യയനവർഷത്തിൽ 8071 പേരാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരാനെത്തിയത്. പുതിയ അധ്യയന വർഷത്തിൽ ഇത് 10000 കടക്കുമെന്നാണ് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 3) കുമരകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് രാവിലെ ഒൻപതു മണിക്കു നടക്കുന്ന റാലിയോടെ വർണാഭമായ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിക്കും. റാലി കുമരകം ഗ്രാമപഞ്ചായത്തിനു സമീപമുള്ള യുപി സ്‌കൂളിൽ സമാപിക്കും. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി എൻ വാസവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിന്‍റ് കെ വി ബിന്ദു അധ്യക്ഷത വഹിക്കും.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്‌പമണി പ്രവേശനോത്സവ സന്ദേശം നൽകും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി കെ ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ മേഘല ജോസഫ്, കവിതാ ലാലു, വിദ്യാഭ്യാസ ഉപഡയറക്‌ടർ സുബിൻ പോൾ, ജനപ്രതിനിധികളും സ്‌കൂൾ അധികൃതരും പങ്കെടുക്കും.