കൊച്ചി : കൊച്ചിയിൽ ബാറിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു (Shooting At A Bar In Kochi). ഞായറാഴ്‌ച (11-02-2024) രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. മദ്യം നൽകണമെന്ന് ആവശ്യപ്പെട്ട് തർക്കത്തിലേർപ്പെട്ട ഒരു സംഘം മാനേജറെ ക്രൂരമായി മർദിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു (Two Employees Were Injured). ബാർ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്.
ഒരാൾക്ക് വയറിനും രണ്ടാമത്തെയാൾക്ക് കാലിനുമാണ് പരിക്കേറ്റത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.
നാല് പേരടങ്ങിയ സംഘം എയർ പിസ്‌റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഇതിനു ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അക്രമി സംഘമെത്തിയ കാർ തിരിച്ചറിഞ്ഞതായാണ് സൂചന. തൊടുപുഴ സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ബാറിന്‍റെ പ്രവർത്തന സമയം കഴിഞ്ഞതിന് ശേഷം കാറിലെത്തിയ സംഘം മദ്യമാവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയില്ലന്ന് മാനേജർ അറിയിച്ചു. ഇതേ തുടർന്ന് ബാറിന് പുറത്ത് വച്ച് മാനേജറുമായി വാക്ക് തർക്കത്തിലേർപ്പെട്ട സംഘം അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഇതിനിടെ ബാറിൽ നിന്നും മടങ്ങുകയായിരുന്ന ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ വെടിവയ്‌ക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ കടവന്ത്ര പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. അക്രമികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
മദ്യപാനത്തിനിടെ തര്‍ക്കം ; മലയിന്‍കീഴില്‍ യുവാവിനെ കുത്തിക്കൊന്നു : തിരുവനന്തപുരം ജില്ലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഫെബ്രുവരി 10 ന് രാത്രി 12 മണിക്കാണ് സംഭവം നടന്നത്. മലയിന്‍കീഴ് കാരങ്കോട്ട്‌കോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഉത്സവത്തിന് സമീപത്തെ ക്ഷേത്രത്തില്‍ മൈക്ക് സെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശരത്തിന്‍റെ സുഹൃത്ത് അഖിലേഷിനും കുത്തേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതിന് പിന്നാലെ സമീപവാസി രാജേഷ് എന്നയാള്‍ മദ്യപ സദസിലെത്തുകയും തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയുമായിരുന്നു. ഇതോടെ ശരത്തിനും അഖിലേഷിനുമൊപ്പം മദ്യപിച്ചുകൊണ്ടിരുന്ന അരുണ്‍ അടുത്തിരുന്ന ബിയര്‍ കുപ്പിയെടുത്ത് ശരത്തിന്‍റെ തലയിലടിച്ച് പൊട്ടിക്കുകയും ശരത്തിനെയും അഖിലേഷിനെയും കുത്തുകയുമായിരുന്നു. ശരത്തിന് വയറ്റിലും അഖിലേഷിന് നെഞ്ചിലുമാണ് കുത്തേറ്റത്.
അഖിലേഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അരുണ്‍, അനീഷ്, സോളമന്‍ എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പ്രതിചേര്‍ത്താണ് നിലവില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.