തിരുവനന്തപുരം: പ്രതിവര്‍ഷം അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കമായിരിക്കുന്നു. മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്കാണ് പദ്ധതിയുടെ ഉപദേശകന്‍. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെഗാ തൊഴില്‍ മേള ആലപ്പുഴയിലാണ് സംഘടിപ്പിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലക്കാര്‍ക്ക് വേണ്ടിയാണ് പരിപാടി ഒരുക്കിയിരുന്നത്. എസ്‌ഡി കോളജടക്കം വിവിധ വേദികള്‍ സജ്ജീകരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നൂറിലേറെ തൊഴില്‍ സ്ഥാപനങ്ങളാണ് മേളയില്‍ സംബന്ധിച്ചത്. 437522 തൊഴിലവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1.25 ലക്ഷം തൊഴിലുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍റേണ്‍ഷിപ് അപ്രന്‍റീസ്ഷിപ്പ് പദ്ധതികളാണ്. ഐടി മേഖലയില്‍ മാത്രം 49126തൊഴിലുകള്‍ ഉണ്ട്.
ഐടി വിജയിച്ചവര്‍ക്ക് 43778, ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് 38571, ബിരുദധാരികള്‍ക്ക് 246074 തൊഴിലുകളുമുണ്ടാകും. നഴ്‌സിങ് പാസായവര്‍ക്ക് ജര്‍മ്മനി, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ 2000 തൊഴിലവസരങ്ങള്‍ ലഭ്യമാകും.
7500 ഐടിഐ വിദ്യാര്‍ത്ഥികള്‍ വിജ്ഞാനകേരളം നൈപുണ്യ പ്രചാരണത്തിന്‍റെ ആദ്യ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ത്ഥികളുടെ എണ്ണം 17092 ആയി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നുള്ള 30000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തേണ്ടി വന്നേക്കാം എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇവരില്‍ 90 ശതമാനംപേര്‍ക്കും അവരുടെ പരീക്ഷ കഴിയുമ്പോഴേക്കും ക്യാമ്പസ് പ്ലേസ്മെന്‍റ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഒരുക്കങ്ങള്‍
ഉദ്യോഗാര്‍ത്ഥികളെ ഉറപ്പായും തൊഴിലിലേയ്ക്ക് നയിക്കുന്ന നൈപുണ്യ കോഴ്‌സുകള്‍ പഠിപ്പിക്കാനും എല്ലാവര്‍ക്കും ഇംഗ്ലീഷ് ഷോട്ട് കോഴ്‌സുകള്‍ നല്‍കാനും പരിശീലന അഭിമുഖങ്ങള്‍ നടത്താനും തെരഞ്ഞെടുക്കപ്പെട്ട 22 ഐടിഐകളില്‍ നിന്നുള്ള പ്രിന്‍സിപ്പാള്‍മാരുടെയും പ്ലേസ്മെന്‍റ് ഓഫീസര്‍മാരുടെയും ഏകദിന ശില്‍പ്പശാലയില്‍ ധാരണയായിരുന്നു.
![kerala govt projects for job Thomas Isaac വിജ്ഞാന കേരളം LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2025/23550060_job-fare.jpg)
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ സുഫിയാന്‍ അഹമ്മദ് അദ്ധ്യക്ഷനായ പരിപാടിയില്‍ അഡീഷണല്‍ ഡയറക്‌ടര്‍ മിനിമാത്യുവും, ജോയിന്‍റ് ഡയറക്‌ടര്‍ ഷമ്മിബേക്കറും പങ്കെടുത്തു. കൂടാതെ കെഡിസ്ക്ക് (kerala Development and Innovation strategic Council) ല്‍ നിന്ന് ഉണ്ണികൃഷ്‌ണനും, പി.എം.റിയാസും ഉണ്ടായിരുന്നു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ ഡീന്‍, സുമേഷ് ദിവാകരന്‍ ആയിരുന്നു മുഖ്യ സംഘാടകന്‍.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരിശീലന പരിപാടികള്‍ ഇങ്ങനെ
ഐടിഐകളില്‍ സാങ്കേതിക നൈപുണ്യ കോഴ്‌സുകള്‍ സാധാരണ ഗതിയില്‍ നടന്നുവരുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധേയ ജോലികള്‍ കണ്ടുപിടിക്കുന്നതിന് വേണ്ടിയായിരിക്കണം അധിക പരിശീലനം. ഇതിന് കെഡിസ്ക്ക് മുന്‍കൈ എടുക്കും. ഭാഷാനൈപുണ്യ കോഴ്സുകള്‍ നടപ്പാക്കേണ്ടതുണ്ട്. അതിനുള്ള പരിശീലകരെ കെഡിസ്ക്ക് ലഭ്യമാക്കും.
![kerala govt projects for job Thomas Isaac വിജ്ഞാന കേരളം LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2025/23550060_vinjana-keralam.jpg)
പ്രാഥമിക പദ്ധതിയില്‍ 22 ഐടിഐകളാണ് പങ്കെടുക്കുന്നത്. പക്ഷെ ആകെ 142 ഐടിഐ കള്‍ ഉണ്ട്. അവരെ മുഴുവന്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന അഞ്ച് ലക്ഷം വദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനുള്ള ക്യാമ്പയിന്‍റെ ഭാഗമാക്കേണ്ടിയിരിക്കുന്നു. ഇതിന് സുമേഷ് ദിവാകരന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അദ്ധ്യാപകര്‍ ഒരു ടീമായി പ്രവര്‍ത്തിക്കും.
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍റെ സംഘാടന ശൃംഖലയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനവും
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍റെ KRP മാർ അഥവാ കീ റിസോഴ്‌സ് പേഴ്‌സൺസിന് വേണ്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മൂന്ന് തവണകളായി മുന്നൂറിലേറെപ്പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെയെല്ലാം സംഗമമായിരുന്നു കിലയിൽ നടന്നത്. വരുന്ന മൂന്ന് മാസത്തെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു ലക്ഷ്യം.
![kerala govt projects for job Thomas Isaac വിജ്ഞാന കേരളം LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2025/23550060_silpa.jpg)
പ്രഥമ പരിഗണന ജില്ലാ റിസോഴ്‌സ് പേഴ്‌സൺസ് അഥവാ DRP മാരുടെ ജില്ലാതല പരിശീലനമാണ്. ഇതിനു പുറമെ കമ്മ്യൂണിറ്റി അംബാസ്സഡർമാർ, സാക്ഷരത പ്രേരക്‌മാർ, CDS ചെയർപേഴ്‌സൺമാർ എന്നിവർക്ക് ജില്ലാതലത്തിൽ ഏകദിന പരിശീലനം നൽകുകയാണ്. മാർച്ച് മാസത്തിൽ തന്നെ അവയെല്ലാം പൂർത്തീകരിക്കും.
തുടർന്ന് ഏപ്രിൽ ആദ്യവാരം LRP അഥവാ ലോക്കൽ റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം ആരംഭിക്കും. അവ ബ്ലോക്ക് /നഗരസഭ തലത്തിലായിരിക്കും നടക്കുക. ഒരു വാർഡിൽ നിന്ന് 2-4 പേരായിരിക്കും LRP മാരായി പരിശീലനം നേടുക. ഇതോടെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍റെ സംഘാടന ശൃംഖല പൂർത്തിയാകും.
കോര്‍ഡിനേറ്റര്‍മാരുടെ പരിശീലനം
ജോബ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന കിലയുടെ ബ്ലോക്ക് കോർഡിനേറ്റേഴ്‌സ് പരിശീലനം പൂർത്തിയാക്കി. ഇനി യുവജന ക്ഷേമ കോർഡിനേറ്റർമാർ, DDUGKY കോർഡിനേറ്റേഴ്‌സ് തുടങ്ങിയവരുടെ പരിശീലനം ഈ മാസം തന്നെ കിലയിൽ നടക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും നഗരസഭകളിലും ജോബ് സ്റ്റേഷനുകൾ പൂർണമായി പ്രവർത്തന സജ്ജമാകും.
കീഴ്ത്തട്ടിൽ പഞ്ചായത്ത് തല ഫെസിലിറ്റേഷൻ സെന്‍ററുകളുടെ പ്രവർത്തനം കമ്മ്യൂണിറ്റി അംബാസ്സഡർമാർ, LRP മാർ എന്നിവരുടെ നേതൃത്വത്തിൽ സജ്ജമാകും.
ജില്ലയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന PMU വിലെ ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെ നിയമനങ്ങൾ അടുത്ത ആഴ്ച പൂർത്തിയാക്കും.
പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റുമാർ, നഗരസഭാ ചെയർപേഴ്‌സൺമാർ എന്നിവരുടെ കോൺഫറൻസ് നടക്കുന്നുണ്ട്. തുടർന്ന് മേയർമാർ, ബ്ലോക്ക് പ്രസിഡന്‍റുമാർ, അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായും യോഗം ചേരും.
ജില്ലാ കൗണ്‍സിലുകള്‍
ഏപ്രിൽ മാസമാദ്യം മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കൗൺസിലുകൾ രൂപീകരിക്കും. എല്ലാ വിഭാഗം ജനപ്രതിനിധികൾക്കും ഈ കൗൺസിലിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. പിന്നെ ഏപ്രിൽ മാസത്തിൽ ഇടതടവില്ലാതെ ചെറുതും വലുതുമായ തൊഴിൽ മേളകൾക്ക് വേണ്ടിയുള്ള മൊബൈലിസേഷൻ, പരിശീലനം, തൊഴിൽ ഉറപ്പാക്കൽ എന്നിവയാണ്. മൂന്ന് ലക്ഷം പേർക്ക് ഉറപ്പായും തൊഴിൽ നൽകാനാവും.
Also Read: ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാന്‍ അമേരിക്കന്‍ സര്‍വകലാശാലകളെ ക്ഷണിച്ച് പ്രധാനമന്ത്രി