കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കോംഗോ പൗരനെ ബെംഗളൂരുവില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത് കേരള പൊലീസ്. റെങ്കാര പോൾ എന്ന 29 കാരനാണ് പിടിയിലായത്. എറണാകുളം റൂറൽ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള സംഘവും ബെംഗളൂരു മൈക്കോ ലേഔട്ട് പൊലീസും ചേർന്ന് ബെംഗളൂരുവിലെ മഡിവാളയിൽ നിന്നാണ് ഇയാളെ പിടിച്ചത്.
കഴിഞ്ഞ മാസം അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ വിപിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പോളിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസിനെ സഹായിച്ചത്. മയക്കുമരുന്ന് കടത്തുകാരുടെ കൂട്ടത്തിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന പോൾ കേരളത്തിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരില്‍ പ്രധാനിയാണെന്ന് പൊലീസ് സംശയിക്കുന്നു. "കുക്ക്" എന്നറിയപ്പെടുന്ന സിന്തറ്റിക് മരുന്ന് നിർമ്മിച്ച് കോടിക്കണക്കിന് രൂപയുടെ അനധികൃത മയക്കുമരുന്ന് ഇടപാടുകളാണ് പോൾ നടത്തിയിരുന്നത്.
അതീവ രഹസ്യമായാണ് പോളിൻ്റെ സംഘം പ്രവർത്തിച്ചിരുന്നത്. പണമിടപാടുകൾ ഗൂഗിൾ പേ വഴി ഓൺലൈനായി നടത്തുകയും മയക്കുമരുന്ന് മനുഷ്യ സാന്നിധ്യമില്ലാത്ത ഇടങ്ങളില്‍ വച്ച ശേഷം ലൊക്കേഷന്‍ കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്. ഉപഭോക്താക്കള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്‌ത് അവിടെ നിന്ന് മയക്കുമരുന്ന് എടുക്കും.
ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോളിനെ പൊലീസ് പിടികൂടിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇയാൾ. കഴിഞ്ഞ ആറ് മാസത്തിനിടെ എറണാകുളം റൂറൽ പൊലീസ് 750 മയക്കുമരുന്ന് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്.