കണ്ണൂര്‍ : 2019ലാണ്, അന്ന് 32 വയസ് പ്രായമുണ്ടായിരുന്ന ഷീജ അരയില്‍ കെട്ടിയ ഏറ്റുകുടവും ഏറ്റുകത്തിയും ഒറ്റ മടങ്ങില്‍ കെട്ടിയ തളപ്പുമായി പുരുഷന്മാര്‍ കുത്തകയാക്കിയിരുന്ന കള്ള് ചെത്ത് മേഖലയിലേക്ക് കടന്നുവരുന്നത്. അന്ന് ഷീജയുടെ മുഖത്തുണ്ടായിരുന്ന പൂര്‍ണ ആത്മവിശ്വാസം ഇന്ന് തന്‍റെ 38-ാം വയസിലും ഷീജയുടെ മുഖത്ത് തെളിഞ്ഞു കാണാം.
2019ൽ ഉണ്ടായ ഒരു വാഹനാപകടമാണ് കണ്ണൂർ കണ്ണവം പണ്യോട് ആദിവാസി കോളനിയിലെ ഷീജയുടെ ജീവിതം മാറ്റിമറിച്ചത്. കണ്ണവത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ചെത്തുതൊഴിലാളിയായ ഷീജയുടെ ഭർത്താവ് ജയകുമാറിന് പരിക്കേറ്റു. അതോടെ കുടുംബത്തിന്‍റെ വരുമാന മാർഗം നിലച്ചു. അങ്ങനെയാണ് ജയകുമാറിൽ നിന്ന് പഠിച്ചെടുത്ത ചെത്തുതൊഴിൽ ഷീജ സ്വയം ഏറ്റെടുക്കുന്നത്.
ഇപ്പോൾ കുടുംബത്തിന്‍റെ അതിജീവിനത്തിനായി തൊഴിലെടുക്കുന്നത് അഭിമാനമായി കാണുകയാണ് ഷീജ. മറ്റ് ജോലികള്‍ക്ക് പുറമെ ദിവസേന പത്തോളം തെങ്ങുകളില്‍ ഷീജ കയറും. കാലാവസ്ഥ വ്യതിയാനം ഇടയ്‌ക്ക് തൊഴിലിനെ ബാധിക്കുന്നുണ്ടെന്നും ഷീജ പറയുന്നു. തെങ്ങ് കയറ്റം കൂടാതെ കാര്‍ഷിക മേഖലയിലും നിറസാന്നിധ്യമാണ് ഷീജ. ഭര്‍ത്താവും രണ്ട് മക്കളുമുള്ള കുടുംബത്തിന് താങ്ങാവുന്നതോടൊപ്പം ഏത് സാഹചര്യത്തെയും സ്‌ത്രീകള്‍ക്ക് അതിജീവിക്കാമെന്നും ഷീജ സമൂഹത്തോട് വിളിച്ചു പറയുന്നു.
വിവിധ സാമൂഹിക സംഘടനകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും നിരവധി പ്രാദേശിക അവാർഡുകൾ ഷീജ നേടിയിട്ടുണ്ട്. കുടുംബത്തെ പിന്തുണയ്‌ക്കാൻ കഴിയുന്നു എന്നതിനാൽ തന്‍റെ ജോലിയിൽ ഏറെ സന്തോഷവതിയാണ് ഷീജ.
ALSO READ: അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി, അർബുദത്തെ അതിജീവിച്ച സഹപാഠിയുടെ ജീവിതം നാടകമാക്കി