തിരുവനന്തപുരം : ശാരീരിക പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ കേരളത്തിന് അപമാനകരമെന്ന് വനിത കമ്മിഷൻ അധ്യക്ഷൻ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവിൽ നവവരന്‍റെ ക്രൂര മർദനത്തിന് യുവതി ഇരയായ സംഭവത്തിൽ പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്‌എച്ച്‌ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മിഷന്‍റെ പ്രതികരണം.
ശാരീരിക പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ കേരളത്തിനും പൊലീസ് സേനയ്ക്കും അപമാനമാണ്. പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പൊലീസിൻ്റെ പെരുമാറ്റം മോശമായിരുന്നെന്നും ഭർത്താവുമായി രമ്യതയിൽ പോകണമെന്ന് സ്‌റ്റേഷനിൽ നിന്ന് പെണ്‍കുട്ടിയോട് പറഞ്ഞതായും സതീദേവി പറഞ്ഞു.
പൊലീസ് സേനയ്ക്കുള്ളിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകണം. ഇത്തരം പീഡനങ്ങൾ വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് പോലും നേരിടേണ്ടി വരുന്നു എന്നത് ഗൗരവകരമായ പ്രശ്‌നമാണ്. പെൺകുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നൽകും. നിയമപരമായും പിന്തുണ നൽകും.
പെൺകുട്ടികൾ പ്രതികരിക്കാൻ മുന്നോട്ട് വരട്ടെയെന്നും പി സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാണ് യുവതിക്ക് ഇത്തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. സമൂഹത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ ഇനി ഒരിക്കലും ഇടവരരുതെന്നും വനിത കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേർത്തു.
ALSO READ: നവവധുവിനെ മർദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിനും കേസ്