ന്യൂഡൽഹി: നിതി ആയോഗിന്‍റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. 2020-21 കാലയളവിലും പട്ടികയിൽ കേരളമായിരുന്നു ഒന്നാമത്. ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
79 പോയിന്‍റാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ലഭിച്ചത്. പട്ടികയിൽ ഏറ്റവും പിന്നിൽ ബിഹാറാണ്. 57 ആണ് ബിഹാറിന്‍റെ പോയിന്‍റ്.
രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. 78 പോയിന്‍റാണ് തമിഴ്‌നാട്ടിനുള്ളത്. 77 പോയിന്‍റുമായി ഗോവയും തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2018 മുതല്‍ 2023-24 കാലയളവ് വരെ ഏറ്റവും വേഗത്തിൽ മുന്നേറിയ സംസ്ഥാനങ്ങൾ ഉത്തർപ്രദേശ് (25 സ്‌കോറിന്‍റെ വർധനവ്), ജമ്മു & കാശ്‌മീർ (21), ഉത്തരാഖണ്ഡ് (19), സിക്കിം (18), ഹരിയാന (17), അസം, ത്രിപുര, പഞ്ചാബ് (16 വീതം), മധ്യപ്രദേശ്, ഒഡീഷ (15 വീതം) എന്നിവയാണ്.
ഛണ്ഡീഗഢ്, ജമ്മു കാശ്‌മീർ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ്, ഡൽഹി എന്നിവയാണ് പട്ടികയില്‍ മികച്ച കേന്ദ്രഭരണ പ്രദേശങ്ങൾ. ലഡാക്ക് ആണ് ഏറ്റവും പിന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം. ദാരിദ്ര്യ നിർമാർജനം, മാന്യമായ ജോലി, സാമ്പത്തികം, ജീവിതം നിലവാരം, കാലാവസ്ഥ സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവയിലെ വളർച്ചയാണ് പട്ടികയിലെ ഉന്നതിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023-24 ലെ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം സ്കോർ 71 ആയി മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. 2020-21- കാലയളവിൽ ഇത് 66-ഉം 2018-ൽ 57-ഉം ആയിരുന്നു.
Also Read : അറിയുമോ വിഴിഞ്ഞം തുറമുഖത്തെ?; ഇതൊക്കെയാണ് വിഴിഞ്ഞത്തെ ലോകോത്തരമാക്കുന്നത് - Specialities of Vizhinjam Port