തിരുവനന്തപുരം : പ്രതിശീര്‍ഷ വരുമാനത്തില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ മുന്നിലെന്ന് നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് (Kerala state financial review report 2023). ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് (Kerala Finance Minister KN Balagopal) സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അഖിലേന്ത്യ തലത്തിലെ പ്രതിശീര്‍ഷ വരുമാനം 5.9 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കില്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 6.06 ശതമാനമാണ്.
ആഭ്യന്തര ഉത്പാദത്തില്‍ 6.6 ശതമാനം വളര്‍ച്ചയുണ്ടായി (GDP rate of Kerala). റവന്യു കമ്മി 0.88 ശതമാനം ആയും ധനക്കമ്മി 2.44 ശതമാനം ആയും കുറഞ്ഞു. അതേ സമയം റവന്യു വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 12.48 ശതമാനത്തില്‍ നിന്ന് 12.69 ആയാണ് റവന്യു വരുമാനം വര്‍ധിച്ചത്.
കഴിഞ്ഞ തവണ 22.41 ശതമാനം ആയിരുന്ന തനത് നികുതി വരുമാനം ഇത്തവണ 23.36 ശതമാനം ആയി വര്‍ധിച്ചു. കേന്ദ്ര വിഹിതത്തില്‍ 4.6 ശതമാനം കുറവ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പൊതു കടത്തിന്‍റെ വാര്‍ഷിക വളര്‍ച്ച നിരക്കും കുറഞ്ഞു. 10.16 ശതമാനത്തില്‍ നിന്ന് 8.19 ശതമാനം ആയി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര കടം 210791.60 കോടിയില്‍ നിന്നും 227137.08 കോടിയായി കൂടി. പൊതുകടം 238000.96 കോടി രൂപയായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നീതി ആയോഗിന്‍റെ 2023 മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനം കേരളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയില്‍ 0.002 ശതമാനമാണ് കേരളത്തിന്‍റെ സംഭാവന.
വികസിത രാജ്യങ്ങള്‍ക്ക് സമാനമായ മാനവ വികസന സൂചികയായ 7.5 പോയിന്‍റുമായി കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് 2024 അനുസരിച്ച് 18നും 21നും ഇടയില്‍ പ്രായമുള്ള കേരളത്തിലെ യുവാക്കള്‍ രാജ്യത്തെ തൊഴിലിന് അനുയോജ്യരായവരിൽ രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകള്‍ ഈ മികവിന്‍റെ കാര്യത്തില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം തുടര്‍ച്ചയായി ആറാം വര്‍ഷവും മികച്ച പ്രകടനം കാഴ്‌ചവച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടൂറിസം മേഖലയിലും കേരളത്തിന് വളര്‍ച്ചയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ് 2023ലെ നാഷണല്‍ ടൂറിസം അവാര്‍ഡ്‌സ് ഉള്‍പ്പെടെ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സംസ്ഥാനം നേടി.
Also Read: ഇന്ത്യൻ കുത്തകകൾക്ക് സമുദ്ര മേഖല തീറെഴുതുന്നു; ബജറ്റിൽ പ്രതികരിച്ച് ചാൾസ് ജോർജ്
കേരള സര്‍ക്കാര്‍ 2022-23നെ സംരംഭക വര്‍ഷമായി പ്രഖ്യാപിക്കുകയും 250 ദിവസങ്ങള്‍ക്കുള്ളില്‍ 1,00,000 പുതിയ സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്‌തതായും സര്‍ക്കാര്‍ ഈ ശ്രമങ്ങള്‍ 2023-24ലും തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവിൽ 13,474.52 കോടി രൂപയുടെ നിക്ഷേപം വരുന്ന 2,14,564 സംരംഭങ്ങള്‍ ആരംഭിച്ചു. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയില്‍ 4,56,913 തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്‌ടിച്ചതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.