എറണാകുളം: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടി ഇടം നൽകി തുല്യതയുടെ മഹത്തായ സന്ദേശവും, കേരളാ മാതൃകയുമാണ് സംസ്ഥാന സ്‌കൂൾ കായിക മേള വിളംബരം ചെയ്യുന്നത്. ഈ വർഷം ആദ്യമായി സംസ്ഥാന സ്‌കൂൾ കായിക മേളയിൽ, പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മത്സരം കൂടി ഉൾപ്പെടുത്തിയാണ് കായിക മേള മാതൃകയായത്.
ദീപശിഖാ പ്രയാണം മുതൽ കായിക മേളയ്ക്ക് ദീപം തെളിയിച്ചതിൽ വരെ സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഈ വിഭാഗത്തിൽ പെടുന്ന കുട്ടികളുടെ മത്സരങ്ങളെയാണ് കായിക മേളയില മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റ് കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്‌സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ അത്‌ലറ്റിക്‌സ് ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്‌സഡ് ബാഡ്‌മിൻ്റൺ, 4 x 100 മീറ്റർ മിക്‌സഡ് റിലേ, കാഴ്‌ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്‌സഡ് സ്റ്റാൻഡിങ് ബ്രോഡ് ജംബ്, മിക്‌സഡ് സ്റ്റാൻഡിങ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള 1600 ലധികം കായിക താരങ്ങൾ മാറ്റുരയ്ക്കുന്നു. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണ് സംസ്ഥാന കായിക മേളയിൽ കഴിവ് തെളിയിക്കുന്നത്.
ഇന്ന് രാവിലെ എറണാകുളം, വയനാട് ജില്ലകൾ തമ്മിൽ നടന്ന 14 വയസിന് താഴെയുള്ള സവിശേഷ പരിഗണന അർഹിക്കുന്നവരുടെ ഫുട്ബോൾ മത്സരം കാണാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെത്തി. ടീം അംഗങ്ങൾക്ക് ഹസ്‌തദാനം നൽകി ചേർത്തുപിടിച്ച മന്ത്രി കായിക താരങ്ങൾക്ക് വിജയാശംസ നേർന്നു.
Also Read: സ്‌കൂൾ കായികമേളയില്‍ ആദ്യം ഇൻക്ലൂസീവ് മത്സരങ്ങൾ: ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം