തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഘടനയിൽ വൻ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇനിമുതൽ എല്ലാ വർഷവും കായികമേളകൾ ഒളിമ്പിക്‌സ് മാതൃകയിലാകും നടത്തുക. നാലുവർഷം കൂടുമ്പോൾ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിൽ വിപുലമായ കായികമേള നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ പടിയായി ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായികമേള സ്‌കൂൾ ഒളിമ്പിക്‌സായി എറണാകുളത്ത് നടത്തും. ഒക്‌ടോബര്‍ 18-22 തീയതികളിലാകും സ്‌കൂൾ ഒളിമ്പിക്‌സ് നടക്കുക എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കലോത്സവത്തില്‍ ഇത്തവണ തദ്ദേശീയ കലാരൂപങ്ങളും മത്സരയിനങ്ങളായിട്ടുണ്ടാകും. പുതുക്കിയ മാനുവല്‍ അനുസരിച്ചാകും സ്‌കൂള്‍ കലോത്സവം നടക്കുക എന്നും മന്ത്രി പറഞ്ഞു.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്‌റ്റംബര്‍ 25 മുതല്‍ 27 വരെ കണ്ണൂരിലും ശാസ്‌ത്ര മേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയിലും ദിശ എക്‌സ്‌പോ ഒക്‌ടോബര്‍ 5 മുതല്‍ 9 വരെ തൃശൂരിലും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷകരണം ഈ മാസം ആരംഭിക്കും
ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണം ഈ മാസം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിലവില്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയതും കേരളത്തിലെ എസ്ഇആര്‍ടി തയ്യാറാക്കിയതുമായ പാഠപുസ്‌തകങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ എന്‍സിഇആര്‍ടി പാഠപുസ്‌തകങ്ങള്‍ 2006 ലെ ദേശീയ പാഠ്യപദ്ധതി ചട്ടകൂട് പ്രകാരം തയ്യാറാക്കിയതാണ്. എസ്‌സിഇആര്‍ടി തയ്യാറാക്കിയ പാഠപുസ്‌തകങ്ങളിലാകും ആദ്യ ഘട്ടത്തില്‍ പരിഷ്‌കരണം നടക്കുക.
ഗാന്ധിയന്‍ സ്‌റ്റഡീസ്, ഭാഷാ വിഷയങ്ങള്‍, അന്ത്രോപോളജി, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ പരിഷ്‌കരിക്കും. പരിഷ്‌കരണത്തിന്‍റെ ഭാഗമായി വിപുലമായ അക്കാദമിക ശില്‍പശാല തിരുവനന്തപുരത്ത് നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹയര്‍ സെക്കന്‍ററി അദ്ധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നത്. മേജര്‍ വിഷയങ്ങളുടെ പരിശീലനം പൂര്‍ത്തിയാക്കി മൈനര്‍ വിഷയങ്ങളിലെ പരിശീലനം ആരംഭിച്ചുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ALSO READ: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷം: നാല് എസ്‌എഫ്ഐ പ്രവർത്തകര്‍ക്ക് സസ്‌പെൻഷൻ