തിരുവനന്തപുരം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പേരിൽ സസ്യം. പാലക്കാട് ചുരത്തിൽ കണ്ടെത്തിയ കുടകപ്പാലയിനത്തിലെ പുതിയ സസ്യത്തിനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പേര് നൽകിയത്. ആറു പതിറ്റാണ്ട് പിന്നിട്ട പരിഷത്തിൻ്റെ പ്രവർത്തനങ്ങളോടുള്ള ആദരമായി ഹോളറീന പരിഷദി (Holarrhena parishadii) എന്നാണ് സസ്യത്തിന് പേര് നൽകിയത്. പരിഷത്തിൻ്റെ കുടകപ്പാല എന്നാണ് ഈ പേരിന്‍റെ അർഥം.
ഹൊളറാന ഗ്രൂപ്പിലെ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ടാമത്തെ സസ്യത്തെ നാട്ടുകല്ലിൽനിന്നാണ് കണ്ടെത്തിയത്. ഈ സസ്യം അപ്പോസൈനേസിയെ കുടുംബത്തിൽ പെടുന്നതാണ്. ഇവ സിരാവിന്യാസം, ബ്രാക്‌ടുകൾ, വിദളങ്ങൾ, ദളങ്ങൾ, ഫലത്തിന്‍റെയും വിത്തിന്‍റെയും പ്രത്യേകതകൾ എന്നിവയിൽ മറ്റു നാല് ഇനം കുടകപ്പാലകളിൽ നിന്നും വ്യത്യസ്‌തമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'കേരളത്തെ ഇന്നത്തെ കേരളം ആക്കിയതിൽ വലിയ പങ്കു വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് ഒരു സസ്യശാസ്ത്ര വിദ്യാർഥിക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, ഒരു പുതിയ സസ്യത്തിന് പരിഷത്തിന്‍റെ പേര് നൽകുക എന്നതാണ്' -എന്ന് ഈ കണ്ടെത്തലിന് നേതൃത്വം നല്‍കിയ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ അധ്യാപകൻ ഡോ. സുരേഷ് വി പറയുന്നു.
അവിടത്തെ തന്നെ അധ്യാപകനായ ഡോ. സോജൻ ജോസ്, ഗവേഷണ വിദ്യാർഥിനി അംബിക വി. എന്നിവർ ഉൾപ്പെട്ട ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ന്യൂസിലൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്‌സയിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.