തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
വൈദ്യുതി പ്രതിസന്ധിയിൽ പരിഹാര മാർഗങ്ങൾക്കായി യൂണിയൻ നേതാക്കളുമായി മന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കേടാകുന്ന ട്രാൻസ്‌ഫോമറുകൾ മാറ്റി വയ്‌ക്കാൻ പുതിയത് ലഭ്യമല്ലെന്നും ലൈൻ കേടായാൽ അറ്റകുറ്റപ്പണിക്കായി സാധനങ്ങൾ ഇല്ലെന്നും യൂണിയൻ നേതാക്കൾ യോഗത്തിൽ പരാതി ഉന്നയിച്ചു. വൈദ്യുതി മുടങ്ങുമ്പോൾ സെക്ഷൻ ഓഫിസിൽ കയറി ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിരുന്നു. വൈദ്യുതി ക്ഷാമം ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് പരിഹരിക്കണമെന്നും യൂണിയൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.