എറണാകുളം: ചില വിദ്യാർഥികൾക്ക് അധ്യാപകരെ ബഹുമാനിക്കുന്ന ശീലമില്ലെന്ന് ഹൈക്കോടതി. സാങ്കേതികമായി പുരോഗമിച്ച കാലത്ത് അധ്യാപക-വിദ്യാർഥി ബന്ധം തല കീഴായി മാറിയെന്നും കോടതി പറഞ്ഞു. വിദ്യാർഥിയെ തല്ലിയ അധ്യാപികയ്‌ക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദറുദീൻ മാറിയ കാലഘട്ടത്തിലെ ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചത്.
ചില വിദ്യാർഥികൾക്ക് അധ്യാപകരെ ബഹുമാനിക്കുന്ന ശീലമില്ല. ഇന്നത്തെ കാലത്ത് അധ്യാപകർ ജോലി ചെയ്യുന്നത് തന്നെ കേസ് എപ്പോൾ വേണമെങ്കിലും വന്നേക്കാമെന്ന ഭീതിയോടെയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാർഥിയെ തല്ലിയതിന് അധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നൽകിയ ഹർജി അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്ലാസിൽ മേശമേൽ കാൽ വച്ചിരുന്നതിനായിരുന്നു വിദ്യാർഥിയെ അധ്യാപിക തല്ലിയത്.
അധ്യാപികയെ വിദ്യാർഥി അസഭ്യം വിളിച്ചുവെന്ന് കുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമാണെന്നും അതിനു ശേഷമാണ് വിദ്യാർഥിയെ അധ്യാപിക തല്ലിയതെന്നും കോടതി കണ്ടെത്തി. സാരമായ പരിക്കുകൾ വിദ്യാർഥിയ്‌ക്കേറ്റിട്ടില്ലെന്ന് ഹർജിക്കാരിയായ അധ്യാപികയും ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
വിദ്യാർഥിയ്ക്ക് മാനസികമായോ, ശാരീരികമായോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കണമെന്ന ഉദ്ദേശം അധ്യാപികയ്ക്കില്ലെന്ന് വിലയിരുത്തിയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. ഗുരുദക്ഷിണയായി ദ്രോണർക്ക് തന്‍റെ തള്ളവിരൽ മുറിച്ചു നൽകിയ ഏകലവ്യന്‍റെ കഥയും ഹൈക്കോടതി ഓർമ്മിപ്പിച്ചു.