എറണാകുളം: ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മുഖ്യമന്ത്രിയ്ക്കും കത്ത് നൽകിയിട്ടുണ്ട്. കരുവന്നൂരിലെ നിക്ഷേപകനായ ജോഷിയുടേതാണ് അസാധാരണ നടപടി. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. എന്നാൽ പണം മടക്കി നൽകാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണെന്നാണ് ജോഷി പറയുന്നത്.
പണം മടക്കി നൽകാൻ സാധിച്ചില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നാണ് കത്തിൽ ജോഷിയുടെ ആവശ്യം. സിപിഎം നേതാക്കൾ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും തൃശൂർ മാപ്രാണം സ്വദേശി ജോഷി ആരോപിക്കുന്നുണ്ട്. ബാങ്കിന്‍റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണ് ജോഷിക്ക് നൽകാനുള്ളത്.
കരുവന്നൂർ സഹകരണ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ തുറന്ന് 100 കോടിയിലധികം രൂപ സി.പി.എം തട്ടിപ്പ് നടത്തിയെന്ന് നേരത്തെ ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. അനധികൃത വായ്പകൾ അനുവദിക്കാൻ അന്നത്തെ സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായിരുന്ന മന്ത്രി പി.രാജീവ് സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി മൊഴി നൽകിയതായും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.