എറണാകുളം : കൊടകര കുഴൽപ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്‌മി പാർട്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ഗോപിനാഥ്, വി.എം ശ്യാം കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഹർജി തള്ളണമെന്നുമുള്ള ഇഡി വാദം അംഗീകരിച്ചാണ് കോടതി നടപടി. 2021-ൽ കേസിന്‍റെ വിവരങ്ങൾ ലഭിച്ചിട്ടും ഇഡി കേസെടുത്തില്ലെന്നാണ് ഹർജിയിലെ ആരോപണം.
എന്നാൽ 2021-ൽ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു എന്നാണ് ഇഡി അറിയിച്ചത്. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്‍റെ ചുവടുപിടിച്ചാണ് അന്വേഷണമെന്നും ഇഡി അറിയിച്ചിരുന്നു.
വാദത്തിനിടെ ഇഡിയുടെ അന്വേഷണ പരിധി സംബന്ധിച്ചും കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇഡിക്ക് കൃത്യമായ അധികാര പരിധി ഉണ്ടെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇഡി സൂപ്പർ പവറല്ലെന്നുമായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി ഹവാല പണം കർണാടകത്തില്‍ നിന്ന് ബിജെപിക്കുവേണ്ടി കേരളത്തില്‍ എത്തിയെന്നും എന്നാൽ 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചായിരുന്നു പൊതു താത്പര്യ ഹർജി.