എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതി ഗൗരവകരമെന്ന് ഹൈക്കോടതി. മത്സ്യക്കുരുതി നടന്ന പ്രദേശം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.
പരിസ്ഥിതി സെക്രട്ടറി, സംസ്ഥാന - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ,അമിക്കസ് ക്യൂറി, പെരിയാറിലെ മത്സ്യക്കുരുതിയിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി നൽകിയവർ എന്നിവരടങ്ങുന്നതാണ് സമിതി. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം ഗൗരവകരമെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി. പെരിയാറിലെ മലിനീകരണത്തിന്‍റെ അളവ് ഉയർന്നെന്നും കോടതി നിരീക്ഷിച്ചു.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനാലാണെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ കുഫോസിന്‍റെ റിപ്പോർട്ടാകട്ടെ ഇതിനു വിരുദ്ധവും. പെരിയാറിൽ അമോണിയയുടെയും സൾഫൈഡിന്‍റെയും സാന്നിധ്യം അപകടകരമായ അളവിൽ ഉണ്ടെന്നായിരുന്നു കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്‍റെ (കുഫോസ്) റിപ്പോർട്ട്. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനു പിന്നാലെ കുണ്ടന്നൂർ ഭാഗത്തും സമാന സംഭവമുണ്ടായിരുന്നു.
Also Read: പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്