തിരുവനന്തപുരം : വയനാട് ചുരത്തിന് ബദലായി ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വയനാട് തുരങ്കപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി തിടുക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഉരുള്‍പൊട്ടല്‍ സൃഷ്‌ടിച്ച ഞെട്ടലില്‍ നിന്നും കേരളം മുക്തമാകും മുന്‍പാണ് ദുരന്ത ഭൂമിയുടെ ഉള്ളറകളെ കീറിമുറിച്ചു കൊണ്ട് മറ്റൊരു നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സമയം തന്നെ വളരെ തന്ത്രപരമാണെന്ന് വിലയിരുത്തപ്പെടുന്നു.
നിയമസഭയില്‍ തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് അവതരിപ്പിച്ച സബ്‌മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് പകരം മന്ത്രി ആര്‍ ബിന്ദുവാണ് തുരങ്കപാത നിര്‍മാണവുമായി സജീവമായി മുന്നോട്ടു പോകുമെന്ന് നിയമസഭയെ അറിയിച്ചത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ്. പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിക്കായി 17.263 ഹെക്‌ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്‍റെ സ്റ്റേജ്-1 ക്ലിയറന്‍സ് 31-03-2023ന് ലഭ്യമായിട്ടുണ്ട്. സ്റ്റേജ്-2 ക്ലിയറന്‍സിനായി 17.263 ഹെക്‌ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിപവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്‍റെ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് റവന്യൂ വകുപ്പില്‍ ലഭിച്ചത് വയനാട് ഡിഎഫ്‌ഒ നല്‍കി പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്‌ടര്‍ സ്വകാര്യ ഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്‌ടര്‍ സ്വകാര്യ ഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് കെആര്‍സിഎല്ലിന് കൈമാറി. കോഴിക്കോട് ജില്ലയില്‍ 1.8545 ഹെക്‌ടര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിന്‍റെ 90 ശതമാനം ഭൂമിയും നിലവില്‍ ഏറ്റെടുത്തിട്ടുണ്ട്.
പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവില്‍ സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി എഞ്ചിനിയറിങ്, പ്രൊക്യുയര്‍മെന്‍റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) മോഡലില്‍ ടെണ്ടര്‍ ചെയ്‌തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മാണം രണ്ടാമത്തെ പാക്കേജിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പാക്കേജ് 1ന്‍റെ ഫിനാന്‍ഷ്യല്‍ ബിഡ് 2024 ജൂലൈ 8നും പാക്കേജ് 2ന്‍റെ ഫിനാന്‍ഷ്യല്‍ ബിഡ് 2024 സെപ്‌റ്റംബര്‍ 4നും തുറന്നിട്ടുണ്ട്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. അതായത് പാരിസ്ഥിതികാനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്നാണ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്.