ഇടുക്കി: മൂന്നാറിനെ കശക്കിയെറിഞ്ഞ 99ലെ പ്രളയം നൂറ് വര്‍ഷം പിന്നിട്ടു. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭയാനകമായ വെള്ളപ്പൊക്കമാണ് 99ലെ വെള്ളപ്പൊക്കം. കൊല്ലവര്‍ഷം 1099ലാണ് ഇതുണ്ടായത്. അതുകൊണ്ട് തന്നെയാണിതിനെ 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. കൊല്ലവര്‍ഷം 1099 കര്‍ക്കടകം ഒന്നിന് തുടങ്ങി മൂന്നാഴ്‌ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മധ്യതിരുവിതാംകൂറിനെയും തെക്കന്‍ മലബാറിനെയും പ്രളയം ബാധിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ എത്രയെന്ന് കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനവും അക്കാലത്ത് ഉണ്ടായിരുന്നില്ല.
നാടൊട്ടുക്കും ഗതാഗതം മുടങ്ങി. വെള്ളക്കെട്ട് ട്രെയിന്‍ സര്‍വീസുകളെ താറുമാറാക്കി. തപാല്‍ സംവിധാനങ്ങളും നിലച്ചു. അല്‍പ്പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു.
വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. കുണ്ടളവാലി റെയില്‍വേ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ പാതകളും സ്റ്റേഷനുകളും പ്രളയം പൂര്‍ണമായി ഇല്ലാതാക്കി. 1902ല്‍ സ്ഥാപിച്ച റെയില്‍ പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്‌നാടിന്‍റെ അതിര്‍ത്തിയായ ടോപ് സ്റ്റേഷന്‍ വരെയായിരുന്നു ഉണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാം മൂന്നാറില്‍ നാമാവശേഷമായി.
വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ പലതായിരുന്നു. പത്ത് രാവും പകലും മഴ തകര്‍ത്തു പെയ്‌തു. അല്‍പം ശക്തി കുറഞ്ഞ് മഴ മൂന്നാഴ്‌ച തുടര്‍ന്നു. ചുഴലിക്കാറ്റാണ് കനത്ത മഴക്ക് കാരണമായത്. മൂന്നാറില്‍ മാത്രം 487.5 സെന്‍റിമീറ്റര്‍ മഴ പെയ്‌തു. പ്രളയം കവര്‍ന്ന മൂന്നാറിന് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം പറയാനുള്ളത് അതിജീവനത്തിന്‍റെ ഈ കഥയാണ്.
Also Read: പുഴകൾ കരകവിഞ്ഞു, വീടുകളിൽ വെള്ളം കയറി; കണ്ണൂരിൽ പ്രളയ സമാനസാഹചര്യം